Wednesday, 16 December 2015

ഇസ്സത്തുലില്‍ കുട്ടിക്കൃഷിക്ക് തുടക്കം 

ചെറുവത്തൂര്‍: കൃഷിയെ അടുത്തറിയാനും, വിഷരഹിത പച്ചക്കറികള്‍ ഉത്പാദിപ്പിക്കാനും കുട്ടികള്‍ ഏറ്റെടുത്ത ഉദ്യമത്തിന് നല്ല തുടക്കം. ചന്തേര ഇസ്സത്തുല്‍ ഇസ്ലാം എ എല്‍ പി സ്കൂള്‍ വിദ്യാര്‍ത്ഥികളാണ്   പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചത്. സ്കൂള്‍ പരിസരത്തെ പാതയോരം കൃഷിയടമാക്കി അവര്‍ വിത്തും തൈകളും നട്ടുപിടിപ്പിച്ചു.  തുടക്കത്തില്‍  പതിനഞ്ചു   സെന്റ്‌ ഭൂമിയിലാണ് കൃഷി തുടങ്ങിയത്.  ,കുമ്പളം, ,വെണ്ട ,വഴുതിന ,കോവയ്ക്ക എന്നിവയെല്ലാമാണ്  കൃഷി ചെയ്തിരിക്കുന്നത്.  .പിലിക്കോട് കൃഷി ഭവന്റെ പൂര്‍ണ്ണ  സഹകരണവും കുട്ടികള്‍ക്കുണ്ട്‌.  പച്ചക്കറി കൃഷിയുടെ ഉദ്ഘാടനം  പിലിക്കോട് പഞ്ചായത്ത്‌ പ്രസിഡന്റ്  ടി.വി.ശ്രീധരൻമാസ്റ്റര്‍   നിർവഹിച്ചു .പി.ടി.എ.പ്രസിഡന്‍റ്  എം.ബാബു അധ്യക്ഷത വഹിച്ചു.കൃഷി ഓഫീസർ പി വി  ജലേശൻ ,പ്രധാനാധ്യാപിക സി.എം.മീനാകുമാരി,കെ.വിനയചന്ദ്രന്‍ ,കെ.ആർ ഹേമലത,എം.ടി.പി.ശാമില .കെ.പ്രജിത,ആർ .രശ്മി, പി ബാലചന്ദ്രന്‍  സംസാരിച്ചു 
കൈ നിറയെ സമ്മാനങ്ങളുമായി നമ്മുടെ  കുട്ടികൾ.
ജില്ലാ  ശാസ്ത്രോത്സവം,ചെറുവത്തൂർ ഉപജില്ലാ ശാസ്ത്രോത്സവം,ഉപജില്ലാ കലോത്സവം എന്നിവയിൽ മികച്ച പ്രകടനം കാഴ്ചവെച്ച്‌  വിദ്യാലയത്തിന്റെ  അഭിമാനമായി മാറിയ  കുട്ടികൾക്ക് അനുമോദനം ...ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ പി പ്രകാശ് കുമാര്‍ വിജയോത്സവത്തില്‍ ഉപഹാരങ്ങള്‍ നല്‍കി 

Saturday, 26 September 2015


ഉപജില്ലാ കായിക മേള സംഘാടക സമിതി രൂപീകരണം

ഒക്ടോബര്‍ മാസത്തില്‍ കാലിക്കടവ് പഞ്ചായത്ത് മൈതാനിയില്‍ നടക്കുന്ന ചെറുവത്തൂര്‍ ഉപജില്ലാ കായിക മേള സംഘാടക സമിതി രൂപീകരണ യോഗം 28 ന് ഉച്ചയ്ക്ക് രണ്ടിന് സ്കൂള്‍ ഹാളില്‍ ചേരും. മേള വിജയിപ്പിക്കുന്നതിന് എല്ലാവരുടെയും സഹായ സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു  
ഐ എസ് എം സംഘം സന്ദര്‍ശനം നടത്തി

ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ.പി പ്രകാശ് കുമാര്‍, ഡയറ്റ് ലക്ചര്‍ പുരുഷോത്തമന്‍ എന്നിവര്‍ വിദ്യാലയത്തിലെത്തി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി, ഗുണപരമായ നിര്‍ദേശങ്ങള്‍ നല്‍കി. സ്കൂള്‍ ലൈബ്രറിയുടെ പ്രവര്‍ത്തനം, പോര്‍ട്ട്‌ ഫോളിയോ, ശുചിത്വം, ക്ലാസ് റൂം പ്രവര്‍ത്തനങ്ങള്‍ ,ആഴ്ച നക്ഷത്രം ക്വിസ് എന്നിവയില്‍ സംഘം സംതൃപ്തി രേഖപ്പെടുത്തി.        

Saturday, 22 August 2015

ആഹ്ലാദ ചിറകിലേറി ഓണാഘോഷം

വിദ്യാര്‍ത്ഥികളുടെയും  രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സജീവ പങ്കാളിത്തത്തോടെ വിദ്യാലയത്തിലെ ഓണാഘോഷം നാടിന്റെ ഉത്സവമായി മാറി. എഴുന്നോറോളം പേര്‍ക്കാണ് ഇത്തവണ ഓണസദ്യ ഒരുക്കിയത്. പി ടി എ പ്രസിഡന്റ് എം ബാബുവിന്റെ നേതൃത്വത്തില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ തന്നെ സദ്യക്കുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചിരുന്നു. എം പി ടി എ അംഗങ്ങളുടെ സജീവ പങ്കാളിത്തവും ശ്രദ്ധേയമായി. സാമ്പാര്‍, അവിയല്‍,കൂട്ടുകറി, ഓലന്‍, പച്ചടി, അച്ചാര്‍, രസം, പപ്പടം,പായസം  എന്നിവയായിരുന്നു   വിഭവങ്ങള്‍.       കുട്ടികള്‍ക്കും,രക്ഷിതാക്കള്‍ക്കും വിവിധ മത്സരങ്ങളും നടന്നു.  പൂക്കളവും ഒരുക്കി    









Sunday, 16 August 2015

സ്വാതന്ത്ര്യ ദിനാഘോഷം

വൈവിധ്യമാര്‍ന്ന പരിപാടികളോടെ ചന്തേര ഇസ്സത്തുല്‍ ഇസ്ലാം എ എല്‍ പി സ്കൂളില്‍ സ്വാതന്ത്ര്യ ദിനാഘോഷം. പ്രധാനാധ്യാപിക സി എം മീനാകുമാരി പതാകയുയര്‍ത്തി. സ്കൂള്‍ മാനേജര്‍ ടി വി പി അബ്ദുല്‍ ഖാദര്‍, പി ടി എ പ്രസിഡന്റ് എം ബാബു തുടങ്ങിയവര്‍ സംബന്ധിച്ചു. പതാക നിര്‍മ്മാണം ,ക്വിസ്, പ്രസംഗം , ദേശഭക്തി ഗാനം എന്നീ മത്സരങ്ങളും നടന്നു. പായസ വിതരണവും പഠനത്തില്‍ മികവു കാട്ടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്യാഷ് അവാര്‍ഡ് വിതരണവും നടന്നു.

സ്വാതന്ത്ര്യ ദിനാഘോഷ കാഴ്ചകള്‍
..................................................................




     

Tuesday, 4 August 2015

രക്ഷിതാക്കളുടെ മികച്ച പങ്കാളിത്തത്തോടെ പി.ടി.എ ജനറല്‍ ബോഡി

 എം.ബാബു പ്രസിഡന്റ്

സി.എം റഹ്മത്ത് മദര്‍ പി.ടി. എ പ്രസിഡന്റ്

സൌജന്യ യൂണിഫോം മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും വിതരണം ചെയ്യണമെന്ന് സ്കൂള്‍ പി.ടി ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ 120 ലധികം രക്ഷിതാക്കള്‍ പങ്കെടുത്തു. സ്കൂള്‍ പ്രധാനാധ്യാപിക സി.എം മീനാകുമാരി പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വിദ്യാലയത്തിന്റെ ഗുണപരമായ മാറ്റങ്ങള്‍ക്ക് വേണ്ടിയുള്ള സജീവ ചര്‍ച്ചയ്ക്ക് യോഗം വേദിയായി.   എം.ബാബു പ്രസിഡണ്ടും,   സി.എം റഹ്മത്ത് മദര്‍ പി.ടി. എ പ്രസിഡന്ടുമായി പുതിയ കമ്മറ്റി നിലവില്‍ വന്നു

      

Thursday, 30 July 2015

ആഴ്ച നക്ഷത്രം ക്വിസ് ആറാഴ്ച പിന്നിട്ടു.

ഓരോ ആഴ്ചയിലേയും ചോദ്യങ്ങള്‍ക്കായി ആകാക്ഷംയോടെ കാത്തിരിക്കുകയാണ് കുട്ടികള്‍. മുഴുവന്‍ മാര്‍ക്കും സ്വന്തമാക്കുന്ന കുട്ടികളുടെ എണ്ണം ഓരോ ആഴ്ചയും കൂടി വരുന്നു. എല്ലാം കൊണ്ടും കുട്ടികളും ,രക്ഷിതാക്കളും ഈ മത്സരത്തെ രണ്ടും കയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു.    




Thursday, 16 July 2015

സര്‍വ മതസ്ഥരും നോമ്പു നോറ്റ്  സാഹോദര്യത്തിന്റെ നോമ്പുതുറ  


വ്രതാനുഷ്ഠാനത്തിന്റെ  പുണ്യദിനത്തില്‍ ചന്തേര  വിദ്യാലയത്തില്‍
 ഒരുക്കിയ നോമ്പുതുറ മതസാഹോദര്യത്തിന്റെ സ്നേഹവേദിയായി. വിശ്വാസികള്‍ക്കൊപ്പം വിദ്യാലയത്തിലെ മുഴുവന്‍ അധ്യാപകരും നോമ്പുനോറ്റു. ഇതരമതസ്ഥരായ  അധ്യാപകര്‍ക്കും കുട്ടികള്‍ക്കും ഒരു ദിവസത്തെ വ്രതം  പുതിയൊരനുഭവമായി. നോമ്പുതുറയോട് അനുബന്ധിച്ച് സംഘടിപ്പിച്ച സ്നേഹ സംഗമത്തിൽ കെ.മുഹമ്മദലി മാസ്റ്റർ സന്ദേശം നൽകി .സ്കൂള്‍ പ്രധാനാധ്യാപിക സി. എം മീനാകുമാരി അധ്യക്ഷത വഹിച്ചു. ഷരീഫ് കാരയിൽ,ടി .വി. പി അബ്ദുള്‍ ഖാദര്‍, ബാബു രചന, ബാലചന്ദ്രന്‍ എരവില്‍, സൈനുല്‍ ആബിദ്ദീന്‍, വിനയന്‍ പിലിക്കോട് തുടങ്ങിയവര്‍ സംസാരിച്ചു 

Monday, 22 June 2015

 പ്രായത്തെ തോല്‍പ്പിച്ച പഠനാനുഭവങ്ങളുമായി ജാനകിയമ്മ 


അറുപത്തിയേഴാം വയസില്‍ നാലാം തരം തുല്യതാ പരീക്ഷ വിജയിച്ചതിന്റെ ആവേശവുമായി വായന വാരാഘോഷത്തിനെത്തിയ ജാനകിയമ്മ കുട്ടികള്‍ക്കിടയില്‍ താരമായി. കര്‍ഷക തൊഴിലാളിയായ മാണിയാട്ടെ വി.ജാനകിയാണ് പഠനാനുഭവങ്ങള്‍ പങ്കുവയ്ക്കാന്‍ ചന്തേര ഇസ്സത്തുല്‍ ഇസ്ലാം എ.എല്‍.പി സ്കൂളില്‍ എത്തിയത്. അക്ഷരം പിഴക്കാതെ പുസ്തകം വായിച്ചും, നാട്ടിപ്പാട്ടുകള്‍ പാടിയും അവര്‍ കുട്ടികളെ വിസ്മയിപ്പിച്ചു. ചെറുപ്പത്തില്‍ സ്കൂളില്‍ പോകാന്‍ സാധിച്ചില്ല.പഠിക്കണം എന്നാഗ്രഹമുണ്ടായിരുന്നു. അങ്ങനെയിരിക്കെയാണ് സാക്ഷരത പ്രേരക് ആര്‍. പി. ബീന നാലാംതരം തുല്യതാ പരീക്ഷയെ കുറിച്ച് പറഞ്ഞത്. പുസ്തകങ്ങളും തന്നു. രാവിലെ മുതല്‍ ഉച്ചവരെ പാടത്ത് കൃഷിപ്പണിക്ക് പോകും. വീട്ടിലെ ജോലികളും കഴിഞ്ഞായിരുന്നു പഠനം. അങ്ങനെ നീലേശ്വരം ബ്ലോക്ക് പരിധിയില്‍ തന്നെ മികച്ച വിജയം നേടിയ ഒരാളായി മാറി. ജാനകിയമ്മ അനുഭവങ്ങള്‍ പറഞ്ഞു തുടങ്ങിയപ്പോള്‍ കുട്ടികളിലും സംശയം നിറഞ്ഞു. എതായിരുന്നു പഠിക്കാന്‍ ഏറ്റവും വിഷമമുള്ള വിഷയം എന്നായി കുട്ടികള്‍. ഇംഗ്ലീഷ് എന്നായിരുന്നു മറുപടി. ഇനി ഏതായാലും ഏഴാംതരം തുല്യത പരീക്ഷ കൂടി എഴുതണമെന്ന ആഗ്രഹത്തിലാണ് ഇവര്‍. ജാനകിയമ്മയെ സ്കൂള്‍ പ്രധാനാധ്യാപിക സി.എം മീനാകുമാരി പൊന്നാടയണിയിച്ചു. പി.ബാലചന്ദ്രന്‍, കെ.ആര്‍ ഹേമലത,  കെ.വിനയചന്ദ്രന്‍, എം.ടി പി ശ്യാമില,ടി റജിന,പ്രജിത ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.   വായന വാരാചരണ ഭാഗമായി വിദ്യാലയത്തില്‍   പുസ്തക പ്രദര്‍ശനം, ക്വിസ്,വായന മത്സരം എന്നിവയും സംഘടിപ്പിച്ചു 

Friday, 19 June 2015

വായന വാരാചരണത്തിനു തുടക്കം
പി.എന്‍ പണിക്കരുടെ സ്മരണ പുതുക്കി  വായന വാരാചരണത്തിനു തുടക്കം. ലൈബ്രറി സജ്ജീകരണം, പുസ്തക പ്രദര്‍ശനം എന്നിവയായിരുന്നു ആദ്യ ദിവസത്തെ പരിപാടികള്‍. വെറുതെ കണ്ടു പോകുന്നതിനു പകരം കുട്ടികളുടെ വീക്ഷണം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി ചില മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു. ഏറ്റവും കൂടുതല്‍ പുസ്തകങ്ങളുടെ പേരുകള്‍ ഓര്‍ത്തെടുത്ത് എഴുതിയത് ലുബ്നയായിരുന്നു. ഗൌതം ഓം കാര്‍, ദില്‍ന രഘു എന്നിവര്‍ രണ്ടാം സ്ഥാനം സ്വന്തമാക്കി. വായനമത്സരം, പ്രസംഗ മത്സരം എന്നിവ വരും ദിവസങ്ങളില്‍ നടക്കും. രണ്ടായിരത്തോളം പുസ്തകങ്ങള്‍ പ്രദര്‍ശനത്തില്‍ നിറഞ്ഞു.



        
ആഴ്ച നക്ഷത്രം ക്വിസ് ആവേശത്തോടെ ഏറ്റെടുത്ത് കുട്ടികള്‍

കഴിഞ്ഞ കുറെവര്‍ഷങ്ങളായി ആഴ്ചയില്‍ ഒരു ദിവസം കുട്ടികള്‍ക്കായി ക്വിസ് മത്സരങ്ങള്‍ നടത്താറുണ്ടെങ്കിലും അത് കൂടുതല്‍ കാര്യക്ഷമമാക്കണമെന്ന ചിന്തയിലാണ് ഇത്തവണ ആഴ്ച നക്ഷത്രം ക്വിസ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. തികഞ്ഞ ആവേശത്തോടെ കുട്ടികള്‍ മത്സരം ഏറ്റെടുത്ത് കഴിഞ്ഞു.
    

Friday, 5 June 2015

കൊന്നമരത്തിന്റെ പിറന്നാള്‍ ആഘോഷം കെങ്കേമമാക്കി കുട്ടികള്‍  

  
ചെറുവത്തൂര്‍: കയ്യില്‍ ആശംസാകാര്‍ഡുകളുമായാണ് ചന്തേര ഇസ്സത്തുല്‍ ഇസ്ലാം എ.എല്‍.പി സ്കൂളിലെ നാലാംതരം വിദ്യാര്‍ത്ഥികള്‍ പരിസ്ഥിതി ദിനത്തില്‍ വിദ്യാലയത്തിലെത്തിയത്. സ്കൂള്‍ മുറ്റത്തെ കൊന്നമരത്തിലേക്ക് അവര്‍ ആ ആശംസാകാര്‍ഡുകള്‍ ചേര്‍ത്തുവച്ചു. നാലാം പിറന്നാള്‍ ദിനത്തില്‍ തങ്ങളുടെ പ്രിയപ്പെട്ട കൊന്നമരത്തിന് അവര്‍ ആവോളം വെള്ളം പകര്‍ന്നു. ഇപ്പോഴത്തെ  നാലാംതരം വിദ്യാര്‍ത്ഥികള്‍ ഒന്നാംതരത്തില്‍ പഠിക്കുമ്പോഴാണ് സ്കൂള്‍ മുറ്റത്ത് കൊന്നത്തൈ നട്ടത്. വേലികെട്ടി വെള്ളം നനച്ച് അവര്‍ കൊന്നമരത്തെ പൊന്നുപോലെ നോക്കി വളര്‍ത്തി.  വളര്‍ന്നു വലുതായ കൊന്നമരത്തില്‍ ഇപ്പോള്‍ ഒരു കാക്കയും കൂടുകെട്ടിയിട്ടുണ്ട്. വര്‍ണ്ണക്കടലാസുകളും, വര്‍ണ്ണ ബലൂണുകളും കൊണ്ട് അലങ്കരിച്ച് പൊലിമയോടെയാണ് കൊന്നമരത്തിന്റെ പിറന്നാള്‍ ആഘോഷം നടന്നത്. ഈ മരത്തിനു ചുവട്ടില്‍ നിന്നും കുട്ടികള്‍ പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞയും ചൊല്ലി.  സ്കൂള്‍ പ്രധാനാധ്യാപിക സി.എം മീനാകുമാരി പ്രതിജ്ഞ ചൊല്ലികൊടുത്തു.  വിസ്മയ, പി.ബാലചന്ദ്രന്‍, കെ.ആര്‍ ഹേമലത, ടി.റജിന, വിനയചന്ദ്രന്‍, എം.ടി.പി  ശ്യാമില  തുടങ്ങിയവര്‍ സംസാരിച്ചു. ക്ലാസ് അടിസ്ഥാനത്തില്‍ കുട്ടികള്‍ സ്കൂള്‍ മുറ്റത്ത് വൃക്ഷത്തൈകള്‍ നട്ടു. കുട്ടികള്‍ക്കെല്ലാം വൃക്ഷത്തൈകളും നല്‍കി.

Tuesday, 2 June 2015

പാചകശാല തുറന്നു


പൊതുവിദ്യാഭ്യാസം ഉച്ചഭക്ഷണം പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിദ്യാലയത്തില്‍ നിര്‍മ്മിച്ച പാചകശാല തുറന്നു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ.പി പ്രകാശ് കുമാര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ വൈസ് പ്രസിഡന്റ് എം.ബാബു അധ്യക്ഷത വഹിച്ചു. നിര്‍മാണ പ്രവൃത്തിക്ക് മേല്‍നോട്ടം വഹിച്ച എം.ടി.പി സുലൈമാനെ ചടങ്ങില്‍ ആദരിച്ചു. ടി.വി.പി അബ്ദുള്‍ ഖാദര്‍, സി.എം മീനാകുമാരി, പി.ബാലചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. പായസ വിതരണവും നടന്നു                    
നവാഗതര്‍ക്ക് സമ്മാനമായി കുടയും പഠനകിറ്റും



ഒന്നാംതരത്തിലേക്കും, പ്രീ പ്രൈമറിയിലേക്കും പ്രവേശനം നേടിയ മുഴുവന്‍ കുട്ടികള്‍ക്കും കുടയും, പഠന കിറ്റും സമ്മാനമായി ലഭിച്ചു. ചന്തേര എ.പി.കെ കാസിമാണ് 150 കുടകള്‍ സംഭാവന ചെയ്തത്. പ്രവേശനോത്സവ ചടങ്ങില്‍ വച്ച് അദ്ദേഹം തന്നെ കുടകള്‍ കുട്ടികള്‍ക്ക് സമ്മാനിച്ചു. സി.എം.എസ് ചന്തേര ഇത്തവണയും കുട്ടികള്‍ക്ക് പഠനകിറ്റ്‌ സമ്മാനിച്ചു            
വര്‍ണ്ണം വിതറി പ്രവേശനോത്സവം  

വര്‍ണ്ണക്കുടകളും, ബലൂണുകളും, ചായപെന്‍സിലുകളും സമ്മാനമായി ലഭിച്ചപ്പോള്‍  ചന്തേര ഇസ്സത്തുല്‍ ഇസ്ലാം എ.എല്‍.പി സ്കൂളില്‍ എത്തിയ കുരുന്നുകള്‍ക്ക് ആഹ്ലാദം. പിലിക്കോട് പഞ്ചായത്തുതല പ്രവേശനോത്സവത്തിനാണ് വിദ്യാലയം വേദിയായത്. 



 കാലിക്കടവില്‍ നിന്നാരംഭിച്ച റാലിയോടെ പ്രവേശനോത്സവം ആരംഭിച്ചു.  ബാന്റ് മേളത്തിന്റെ അകമ്പടിയോടെ നടന്ന റാലിയില്‍  വിദ്യാഭ്യാസ സംരക്ഷണ സന്ദേശങ്ങള്‍ അടങ്ങിയ പ്ലക്കാര്‍ഡുകളുമായി  വിദ്യാര്‍ത്ഥികളും, രക്ഷിതാക്കളും നാട്ടുകാരും അണിനിരന്നു. തുടര്‍ന്ന് നടന്ന ചടങ്ങില്‍ പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  എ.വി രമണി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സി.എ കരീം അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ എം.എം ലക്ഷ്മി, വി.മാധവി, സി.ആര്‍.സി കോഡിനേറ്റര്‍ പി.രാഗിണി, ടി. വി.പി അബ്ദള്‍ ഖാദര്‍, സി.എം റഹ്മത്ത് എന്നിവര്‍ സംസാരിച്ചു. എ.പി.കെ കാസിം സൌജന്യ കുട വിതരണവും, ജുബൈര്‍. എ.ജി പഠനോപകരണ വിതരണവും നിര്‍വഹിച്ചു. സ്കൂള്‍ പ്രധാനാധ്യാപിക സി.എം മീനാകുമാരി സ്വാഗതവും, പി.ബാലചന്ദ്രന്‍ നന്ദിയും പറഞ്ഞു