ABOUT US

 CHANDERA IZZATHUL ISLAM A L P SCHOOL
 MANIYAT (PO),KASARAGOD(DIST),04672 214459

അറിവിന്റെ വഴികളിലൂടെ ..മികവിന്റെ പാതയില്‍ 
തലമുറകളെ അറിവിന്റെ വഴികളിലേക്ക് കൈപിടിച്ച് നടത്താനുതകും വിധം ചന്തേര ഇസ്സത്തുല്‍ ഇസ്ലാം എ എല്‍ പി സ്കൂള്‍ എന്ന വിദ്യാകേന്ദ്രം സ്ഥാപിതമായത് ചന്തേരയുടെ സാസ്കാരിക ചരിത്രത്തിലെ നിര്‍ണ്ണായകമായ ഏടാണ്. കര്‍മ്മ കുശലത കൈമുതലായുള്ളവരുടെ ദീര്‍ഘവീക്ഷണവും, അതിനൊത്ത പ്രവര്‍ത്തനവുമാണ് ഈ വിദ്യാലയത്തെ ഇന്നത്തെ നിലയിലുള്ള പഠനമികവിന്റെ കേന്ദ്രമാക്കി മാറ്റിയത്. 
  ചന്തേര ഓത്തുകുന്നില്‍  പ്രവര്‍ത്തിച്ചിരുന്ന പിലിക്കോട് ഇസ്ലാമിയ സ്കൂള്‍ ആയിരുന്നു 1940 ല്‍ ചന്തേരയിലും പരിസര പ്രദേശങ്ങളിലും ഉള്ളവരുടെ അക്ഷരകേന്ദ്രം. എന്നാല്‍ അധ്യാപകര്‍ ഇല്ലാത്തതിനാല്‍ 1945 ഓടെ ഈ വിദ്യാലയം അടച്ചുപൂട്ടി. പിന്നീട് ഇതേ വിദ്യാലയം പിലിക്കോട് പഞ്ചായത്ത് മൈതാനിക്ക് കിഴക്ക് വശം ഓലഷെഡില്‍ പ്രവര്‍ത്തനം പുനരാരംഭിക്കുകയുണ്ടായി. ഈ സമയത്താണ് മുസ്ലിം റെയ്ഞ്ച് ഡപ്യൂട്ടി ഇന്‍സ്പെക്ടറുടെ നിര്‍ദേശ പ്രകാരം ചന്തെരയില്‍ ഒരു വിദ്യാലയം സ്ഥാപിക്കുന്നതിനുള്ള നിര്‍ദേശം വന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ പരേതനായ ടി കെ അബ്ദുള്‍ റഹ്മാന്‍ മാസ്റ്ററുടെ ശ്രമഫലമായി 1947 ല്‍   വിദ്യാലയം ആരംഭിക്കാന്‍ അനുമതിയായി. ഇദ്ദേഹം തന്നെയായിരുന്നു വിദ്യാലയത്തിന്റെ മാനേജരും, ആദ്യ ഹെഡ്മാസ്റ്ററും. ചന്തേര പള്ളിയോട് ചേര്‍ന്ന ഞാലിയില്‍ ആയിരുന്നു വിദ്യാലയത്തിന്റെ പ്രവര്‍ത്തനാരംഭം. തുടര്‍ന്ന് പള്ളിയുടെ തെക്ക് ഭാഗത്തായി ഷെഡ്‌ ഒരുക്കുകയും പ്രവര്‍ത്തനം അവിടേക്ക് മാറ്റുകയും ചെയ്തു. ആദ്യഘട്ടത്തില്‍ 1, 2 ക്ലാസ്സുകളില്‍ മാത്രമായിരുന്നു പ്രവേശനം. രണ്ടാം ക്ലാസിലേക്ക് നേരിട്ട് പ്രവേശനം നല്‍കുന്ന രീതി നിലവില്‍ ഉണ്ടായിരുന്ന അക്കാലത്ത് 51 കുട്ടികളാണ് വിദ്യാലയത്തില്‍ എത്തിയിരുന്നത്. ഒരു കാലത്ത് കുട്ടികളുടെ എണ്ണം കുറഞ്ഞതിനെ തുടര്‍ന്ന് വിദ്യാലയത്തിന്റെ അംഗീകാരം നഷ്ടപ്പെട്ടിരുന്നു. എന്നാല്‍ വിദ്യാഭ്യാസ വകുപ്പ് അനുശാസിക്കുന്ന മുഴുവന്‍ പ്രവര്‍ത്തനങ്ങളെയും സര്‍വാത്മനാ ഏറ്റെടുക്കുകയും, തനത് പരിപാടിയെന്നോണം സംഘടിപ്പിക്കുന്ന അനുഭാധിഷ്ടിത ബോധന രീതികളുടെ സംഘാടനത്തില്‍ കൂടി വിദ്യാലയത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെട്ടുവരികയും വിദ്യാലയം ഏറെ ശ്രദ്ധിക്കപ്പെടുന്ന കാഴ്ചയാണ് ഇന്ന് കാണാന്‍ കഴിയുന്നത്‌ .മികവിലൂടെ മുന്നേറിയപ്പോള്‍ പ്രീപ്രൈമറി വിഭാഗം ഉള്‍പ്പെടെ  220 കുട്ടികള്‍ പഠിക്കുന്ന  വിദ്യാലയമായി നമ്മുടെ വിദ്യാലയം മാറിക്കഴിഞ്ഞു....

No comments:

Post a Comment