Friday 31 October 2014

എല്ലാവര്‍ക്കും കേരളപ്പിറവി ആശംസകള്‍
അക്ഷരമരമൊരുക്കി 58 ദീപം തെളിയിച്ച് കേരളപ്പിറവി ആഘോഷം 


സ്കൂള്‍ മുറ്റത്ത് ഒരുക്കിയ അക്ഷരമരച്ചോട്ടില്‍ 58 ദീപങ്ങള്‍ തെളിയിച്ച് മലയാള നാടിന്റെ പിറന്നാള്‍ ദിനത്തെ കുരുന്നുകള്‍ വരവേറ്റു. ചന്തേര ഇസ്സത്തുല്‍ ഇസ്ലാം എ എല്‍ പി സ്കൂളിലാണ് അമ്മമലയാളം എന്ന പേരില്‍ ദിനാചരണം ഒരുക്കിയത്. കേരളത്തിന്റെ അടിസ്ഥാന വിവരങ്ങള്‍, ജില്ലകള്‍, നദികള്‍, ഓരോ ജില്ലകളിലെയും സവിശേഷത, കലകള്‍ എന്നിവയെല്ലാം ഉള്‍പ്പെടുത്തി കുട്ടികളുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ പോസ്റ്ററുകളാണ്‌ അക്ഷരമരത്തില്‍ നിറഞ്ഞത്. ക്വിസ് മത്സരവും നടന്നു. സ്കൂള്‍ പ്രധാനാധ്യാപിക സി എം മീനാകുമാരി ഉദ്ഘാടനം ചെയ്തു. ബാലചന്ദ്രന്‍ എരവില്‍ അധ്യക്ഷത വഹിച്ചു. കെ ആര്‍ ഹേമലത, ടി റജിന, വിനയന്‍ പിലിക്കോട്, സിഞ്ചു എന്നിവര്‍ സംസാരിച്ചു. കുട്ടികള്‍ അവതരിപ്പിച്ച കലാപരിപാടികളും അരങ്ങേറി.



Thursday 30 October 2014

                                               പപ്പായകള്‍ കായ്ച്ചു തുടങ്ങി




നട്ടതില്‍ പകുതിയും നശിച്ചു പോയെങ്കിലും ശേഷിക്കുന്ന പപ്പായകള്‍ കായ്ച്ചു തുടങ്ങിയതിന്റെ സന്തോഷത്തിലാണ് ഞങ്ങള്‍. പരിമിതമായ സ്ഥല സൗകര്യം മാത്രമാണ് കൃഷിക്കായി  ഉള്ളതെങ്കിലും ആ സ്ഥലത്ത് ഉച്ചഭക്ഷണത്തിന് ഉപയോഗിക്കാന്‍ കഴിയുന്ന വിളകള്‍ എന്തെങ്കിലും കൃഷി ചെയ്യണമെന്ന്‍ ഞങ്ങള്‍ കഴിഞ്ഞ വര്‍ഷമാണ്‌ തീരുമാനിച്ചത്. കുറച്ചു പപ്പായ തൈകളും, കാട്ടുവാഴകളും നട്ടു. പപ്പായതൈകളില്‍ ചിലത് വളര്‍ന്നതേയില്ല. ചിലത് മരക്കമ്പ് വീണു നശിച്ചു. ശേഷിക്കുന്ന സംരക്ഷിച്ച് വെള്ളം നനച്ചു വളര്‍ത്തി. മൂന്നെണ്ണത്തില്‍ ഇപ്പോള്‍ പപ്പായകള്‍ കായ്ച്ചു തുടങ്ങി. അഞ്ച് വാഴകള്‍ കുലയ്ക്കാറായി. ഇതിന്റെ സന്തോഷത്തിലാണ് ഞങ്ങള്‍ കുട്ടികളെല്ലാം. ഇനി കുറച്ച് പച്ചക്കറി കൃഷി ചെയ്യാനാണ് തീരുമാനം.



                                                             ഹരിതക്ലബ്ബംഗങ്ങള്‍            

Saturday 25 October 2014

മികച്ച ബ്ലോഗുകളില്‍ ഞങ്ങളുടെ ബ്ലോഗും
ചെറുവത്തൂര്‍ ഉപജില്ലയിലെ ബ്ലോഗുകളില്‍ എല്‍ പി വിഭാഗത്തിലെ മികച്ച ബ്ലോഗുകളുടെ പട്ടികയില്‍ ഞങ്ങളുടെ ബ്ലോഗും ....കൂടുതല്‍ കരുത്തോടെ മുന്നേറാന്‍ ഈ അംഗീകാരം ഞങ്ങള്‍ക്ക് കരുത്തേകുന്നു ...പ്രേരണയാകുന്നു .............

Friday 17 October 2014

ശാസ്ത്രോത്സവത്തില്‍ മികച്ച നേട്ടം
കൈക്കോട്ടുകടവിൽ നടന്ന ചെറുവത്തൂർ ഉപജില്ലാ ശാസ്ത്രോത്സവത്തില്‍ ഞങ്ങളുടെ വിദ്യാലയമായ ഇസ്സത്തുല്‍ ഇസ്ലാം എ എല്‍ പി സ്കൂള്‍ മികച്ച നേട്ടങ്ങള്‍ സ്വന്തമാക്കി. സാമൂഹ്യ ശാസ്ത്ര മേളയില്‍ ചാര്‍ട്ട് മത്സരത്തില്‍ കഴിഞ്ഞ തവണത്തെ ഒന്നാം സ്ഥാനം ഇത്തവണയും നിലനിര്‍ത്തി. കുടുംബ കൃഷി വര്‍ഷത്തില്‍ കൃഷിയുടെ പ്രാധാന്യവും, ജൈവകൃഷിയുടെ ആവശ്യകതയും വ്യക്തമാക്കുന്ന ചാര്‍ട്ടുകളുമായാണ് നാലാം തരത്തിലെ മുഹമ്മദ്‌ ,മൂന്നാം തരത്തിലെ കീര്‍ത്തന എന്നിവര്‍ മത്സരവേദിയില്‍ എത്തിയത്. സാമൂഹ്യ ശാസ്ത്ര മേളയില്‍ ഒന്നാം സ്ഥാനത്തെത്താനും വിദ്യാലയത്തിന് സാധിച്ചു.
പ്രവൃത്തി പരിചയ മേളയിലും മികവോടെ 
.................................................................................
ചന്ദനത്തിരി നിര്‍മ്മാണത്തില്‍ കഴിഞ്ഞ തവണ ജില്ലയില്‍ ഒന്നാംസ്ഥാനം നേടിയ സൌരവ് ഇത്തവണയും ശുഭ പ്രതീക്ഷയിലാണ്. ഉപജില്ലയില്‍ മികച്ച പ്രകടനത്തോടെയാണ് ഒന്നാം സ്ഥാനം സ്വന്തമാക്കിയത്.
  പേപ്പര്‍ ക്രാഫ്റ്റില്‍ ദേവിക ദേവനും കഴിഞ്ഞ തവണത്തെ ഒന്നാം സ്ഥാനം നിലനിര്‍ത്തി. കടലാസ് പൂക്കളുടെ വര്‍ണ്ണ പ്രപഞ്ചം തന്നെ ദേവിക മത്സരവേദിയില്‍ വിരിയിച്ചു. 25 തരം പൂക്കളാണ് മൂന്ന്‍ മണിക്കൂറിനുള്ളില്‍ ദേവിക നിര്‍മ്മിച്ചെടുത്തത്. ജില്ലയിലും വിജയം ആവര്‍ത്തിക്കാന്‍ കഴിയുമെന്ന് തന്നെയാണ് ഈ മിടുക്കിയുടെ പ്രതീക്ഷ 

ആദ്യമായി മത്സര വേദിയില്‍ എത്തിയതാണെങ്കിലും ശ്രീയുക്ത ത്രെഡ് പാറ്റേണില്‍ മികച്ച പ്രകടനം കാഴ്ച വച്ചു എ ഗ്രേഡോടെ മൂന്നാം സ്ഥാനമാണ് ഈ ഇനത്തില്‍ ലഭിച്ചത്