കൊന്നമരത്തിന്റെ പിറന്നാള്‍ ആഘോഷം കെങ്കേമമാക്കി കുട്ടികള്‍
ചെറുവത്തൂര്‍: കയ്യില്‍ ആശംസാകാര്‍ഡുകളുമായാണ് ചന്തേര ഇസ്സത്തുല്‍ ഇസ്ലാം എ.എല്‍.പി സ്കൂളിലെ നാലാംതരം വിദ്യാര്‍ത്ഥികള്‍ പരിസ്ഥിതി ദിനത്തില്‍ വിദ്യാലയത്തിലെത്തിയത്. സ്കൂള്‍ മുറ്റത്തെ കൊന്നമരത്തിലേക്ക് അവര്‍ ആ ആശംസാകാര്‍ഡുകള്‍ ചേര്‍ത്തുവച്ചു. നാലാം പിറന്നാള്‍ ദിനത്തില്‍ തങ്ങളുടെ പ്രിയപ്പെട്ട കൊന്നമരത്തിന് അവര്‍ ആവോളം വെള്ളം പകര്‍ന്നു. ഇപ്പോഴത്തെ നാലാംതരം വിദ്യാര്‍ത്ഥികള്‍ ഒന്നാംതരത്തില്‍ പഠിക്കുമ്പോഴാണ് സ്കൂള്‍ മുറ്റത്ത് കൊന്നത്തൈ നട്ടത്. വേലികെട്ടി വെള്ളം നനച്ച് അവര്‍ കൊന്നമരത്തെ പൊന്നുപോലെ നോക്കി വളര്‍ത്തി. വളര്‍ന്നു വലുതായ കൊന്നമരത്തില്‍ ഇപ്പോള്‍ ഒരു കാക്കയും കൂടുകെട്ടിയിട്ടുണ്ട്. വര്‍ണ്ണക്കടലാസുകളും, വര്‍ണ്ണ ബലൂണുകളും കൊണ്ട് അലങ്കരിച്ച് പൊലിമയോടെയാണ് കൊന്നമരത്തിന്റെ പിറന്നാള്‍ ആഘോഷം നടന്നത്. ഈ മരത്തിനു ചുവട്ടില്‍ നിന്നും കുട്ടികള്‍ പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞയും ചൊല്ലി. സ്കൂള്‍ പ്രധാനാധ്യാപിക സി.എം മീനാകുമാരി പ്രതിജ്ഞ ചൊല്ലികൊടുത്തു. വിസ്മയ, പി.ബാലചന്ദ്രന്‍, കെ.ആര്‍ ഹേമലത, ടി.റജിന, വിനയചന്ദ്രന്‍, എം.ടി.പി ശ്യാമില തുടങ്ങിയവര്‍ സംസാരിച്ചു. ക്ലാസ് അടിസ്ഥാനത്തില്‍ കുട്ടികള്‍ സ്കൂള്‍ മുറ്റത്ത് വൃക്ഷത്തൈകള്‍ നട്ടു. കുട്ടികള്‍ക്കെല്ലാം വൃക്ഷത്തൈകളും നല്‍കി.
ബ്ലോഗില്‍ കൃത്യമായി പോസ്റ്റിങ്ങ് നടത്താന്‍ ശ്രദ്ധിക്കുന്നത് വലിയ കാര്യമാണ്.പൊതുവിദ്യാലയത്തെ സ്നേഹിക്കുന്ന അധ്യാപകസുഹൃത്തുക്കളുടെ ഉത്തരവാദിത്വമാണ് വിദ്യാലയ മികവ് പൊതുസമൂഹത്തിലെത്തിക്കുക എന്നത്.പൊതു വിദ്യാലയങ്ങളുടെ സ്വീകാര്യത വര്‍ധിപ്പിക്കാന്‍ ഇതു സഹായകരമാകും......................അഭിനന്ദനങ്ങള്‍
ReplyDelete