Wednesday, 20 July 2016

ജൂലൈ 21 ചാന്ദ്രദിനം

മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയതിന്റെ ഓർമ്മയ്കായി ജൂലൈ 21 ചാന്ദ്രദിനമായി ആഘോഷിക്കുന്നു. അമേരിക്കക്കാരായ നീൽ ആംസ്ട്രോങ്ങ് എഡ്വിൻ ആൽഡ്രിൻ, മൈക്കൽ കോളിൻസ്, എന്നീ ബഹിരാകാശ സഞ്ചാരികൾ ചേർന്ന് അപ്പോളോ 11 എന്ന ബഹിരാകാശ വാഹനത്തിൽ 1969 ജൂലൈ 20 നാണ് ചന്ദ്രോപരിതലത്തിൽ എത്തിയത്. ജൂലൈ 21 ന് വാഹനത്തിൽ നിന്നും ചന്ദ്രനിലിറങ്ങി നടന്ന ആസ്ട്രോങ്ങ് ആദ്യമായി ചന്ദ്രോപരിതലത്തിൽ കാലുകുത്തിയ മനുഷ്യൻ എന്ന നേട്ടം കരസ്ഥമാക്കി. ചന്ദ്രനിൽ കാലുകുത്തിയ രണ്ടാമത്തെ വ്യക്തി എഡ്വിൻ ആൽഡ്രിനാണ്. മൈക്കൽ കോളിൻസ് അവരുടെ ഈഗിൾ എന്ന വാഹനം നിയന്ത്രിക്കുകയായിരുന്നു.
"ഇത് ഒരു മനുഷ്യന്റെ ചെറിയ കാല് വെയ്പ്പ്, മാനവരാശിക്ക് വലിയകുതിച്ചു ചാട്ടവും" എന്ന് ആംസ്ട്രോങ്ങിനാൽ തന്നെ വിശേഷിപ്പിക്കപ്പെട്ട ഈ സംഭവം മാനവചരിത്രത്തിലെ നാഴികകല്ലുകളിലൊന്നായി വിശേഷിപ്പിക്കപ്പെടുന്നു. ജ്യോതിശാസ്ത്ര പഠനം, ബഹിരാകാശ ഗവേഷണത്തിന്റെ പ്രാധാന്യം, മനുഷ്യന്റെ ആദ്യ ചാന്ദ്രയാത്രയുടെ പ്രസക്തി എന്നിവ ജനങ്ങളെ ഓർമ്മിപ്പിക്കാനും പ്രത്യേകിച്ച് വിദ്യാർത്ഥികളിൽ ഇവ സംബന്ധമായ അവബോധം വളർത്തുവാനുമാണ് ഈ ദിവസം ചാന്ദ്ര ദിനമായി ആഘോഷിക്കുന്നത്




Monday, 4 July 2016

സുമനസുകളുടെ സഹായത്തോടെ പഠനോപകരണങ്ങളും, പുതുവസ്ത്രങ്ങളും  


സാമ്പത്തികമായി വിഷമതയനുഭവിക്കുന്ന കുട്ടികള്‍ക്ക് വിദ്യാലയത്തിലെ 'നന്മ'പദ്ധതിയുടെ ഭാഗമായി പഠനോപകരണങ്ങളും, പുതുവസ്ത്രങ്ങളും നല്‍കി. പന്ത്രണ്ടു കുട്ടികള്‍ക്കാണ് സഹായമെത്തിച്ചത്. ബാഗ്, കുട, നോട്ടുപുസ്തകങ്ങള്‍, പെന്‍സില്‍,റബ്ബര്‍ ഉള്‍പ്പെടെയുള്ളവ നല്‍കിയത് തങ്കമ്മ സിസ്റ്റര്‍ ആണ്.  കുരുന്നുകള്‍ക്ക് പുതുവസ്ത്രങ്ങള്‍ സമ്മാനിച്ചത്  കെ.എം.സി.സി പ്രവര്‍ത്തകരാണ്. അബൂദാബി കെ.എം.സി.സി. പിലിക്കോട് പഞ്ചായത്ത് കമ്മറ്റിയാണ് .സ്‌കൂളിലെ തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് വസ്ത്രങ്ങള്‍ നല്‍കിയത്. ചന്തേര ജമാത്ത് കമ്മിറ്റി പ്രസിഡന്റ് ടി.കെ.പൂക്കോയതങ്ങൾ  പ്രധാനാധ്യാപിക സി.എം.മീനകുമാരിക്ക് വസ്ത്രങ്ങള്‍ കൈമാറി. ശരീഫ് കാരയിൽ അധ്യക്ഷത വഹിച്ചു. ടി.പി.നൗഫൽ, പി.കെ.സി.ഫൈസൽ, സത്താർ ചന്തേര, ടി.വി.പി.അബ്ദുൽ ഖാദർ ,എം.ടി.പി.സുലൈമാൻ, എം.ടി.പി.മുഹമ്മദ് കുഞ്ഞി, അബ്ദുൽ റഹിമാൻ സംബന്ധിച്ചു.
വായന വാരം സി നെറ്റ് വാര്‍ത്ത

വായന കാര്‍ഡുകള്‍ ഒരുക്കാന്‍ അമ്മമാര്‍ എത്തി  





Monday, 27 June 2016

.വിദ്യാലയത്തിലേക്ക് കുട്ടികള്‍ പിറന്നാള്‍ സമ്മാനമായി നല്‍കുന്നത് പൂച്ചെടികള്‍ 


ചെറുവത്തൂര്‍: ഒന്നാം തരത്തിലെ ദേവനന്ദയും, രണ്ടാം തരത്തിലെ ആദിദേവും, ഷാഹിദും, അമല്‍ശ്യാമുമെല്ലാം പിറന്നാള്‍ ദിനത്തില്‍ വിദ്യാലയത്തിലെത്തിയത് കയ്യിലൊരു പൂച്ചെടിയുമായാണ്. ഇനി ചന്തേര ഇസ്സത്തുല്‍ ഇസ് ലാം എ എല്‍ പി സ്കൂള്‍ മുറ്റത്ത് കുരുന്നുകളുടെ പിറന്നാള്‍ പൂക്കള്‍ പുഞ്ചിരിക്കും. പരിസ്ഥിതി സൌഹൃദ ക്യാംപസ്  എന്ന ആശയം മുന്‍ നിര്‍ത്തിയാണ് വിദ്യാലയത്തില്‍ 'പിറന്നാളിനൊരു പൂച്ചെടി സമ്മാനം' പരിപാടിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ചുരുങ്ങിയ ദിവസങ്ങള്‍ക്കിടയില്‍ തന്നെ പത്തോളം ചെടികള്‍ വിദ്യാലയത്തില്‍ എത്തിക്കഴിഞ്ഞു. കുട്ടികള്‍ എത്തിക്കുന്ന ചെടികള്‍ മണ്‍ചട്ടിയില്‍ അവരുടെ പേര് രേഖപ്പെടുത്തി നട്ടുവളര്‍ത്താനാണ് തീരുമാനം. അധ്യയന വര്‍ഷം ആരംഭത്തില്‍ ചേര്‍ന്ന ക്ലാസ് പി.ടി.എ യോഗങ്ങളില്‍ ഇത്തരത്തിലൊരു ആശയം അവതരിപ്പിച്ചപ്പോള്‍ രക്ഷിതാക്കള്‍ നിറഞ്ഞ സന്തോഷത്തോടെ അത് സ്വീകരിച്ചു. സ്കൂളില്‍ അസംബ്ലി ചേര്‍ന്ന് കുട്ടികള്‍ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നാണ് ചെടികള്‍ വിദ്യാലയത്തിലേക്ക് സ്വീകരിക്കുന്നത്. കുട്ടികളുടെ പിറന്നാള്‍ ദിനം രേഖപ്പെടുത്തുന്നതിനായി സ്കൂള്‍ ചുമരില്‍ പിറന്നാള്‍ മരവും ഒരുങ്ങിക്കഴിഞ്ഞു. ഓരോ മാസവും പിറന്നാള്‍ ആഘോഷിക്കുന്ന കുട്ടികളുടെ പേര് മരത്തിന്റെ ഇലകളില്‍ രേഖപ്പെടുത്തും. സ്കൂള്‍ പ്രധാനാധ്യാപിക സി.എം മീനാകുമാരി പിറന്നാള്‍ ആഘോഷിക്കുന്ന കുട്ടികളില്‍ നിന്നുംപൂച്ചെടികള്‍ ഏറ്റുവാങ്ങി

Monday, 20 June 2016

ആഴ്ച നക്ഷത്രം ക്വിസ് രണ്ടാം ഘട്ടം ആദ്യ മത്സരം ..ചോദ്യം കുട്ടികളുടെ കൈകളില്‍ 



ഒന്നാം തരക്കാര്‍ക്ക് ഓര്‍മ്മമരം ....
വഴിയോരങ്ങളില്‍ തണല്‍ മരങ്ങള്‍ 


ചെറുവത്തൂര്‍ : കാല്‍നട യാത്രക്കാര്‍ക്ക് തണലേകാന്‍  കാലിക്കടവ്_ തൃക്കരിപ്പൂര്‍ റോഡരികില്‍ വൃക്ഷത്തൈകള്‍ നട്ടു പിടിപ്പിച്ച് ചന്തേരയിലെ കുട്ടികള്‍. പരിസ്ഥിതി ദിനാചരണ ഭാഗമായി ചന്തേര ഇസ്സത്തുല്‍ ഇസ്ലാം എ എല്‍ പി സ്കൂളിലെ കുട്ടികളാണ് വഴിയോരത്ത് 'കുമ്പിള്‍' മരങ്ങള്‍ നട്ടത്. നട്ടുപിടിപ്പിച്ച തൈകള്‍ക്ക് ക്ലാസ് അടിസ്ഥാനത്തില്‍ സംരക്ഷണവും നല്‍കും. വിദ്യാലയത്തിലെ ഒന്നാംതരത്തിലെ കുട്ടികള്‍ പരിസ്ഥിതി ദിനത്തില്‍ വീട്ടുമുറ്റത്ത് ഓര്‍മ്മമരങ്ങളും നട്ടു.  നെല്ലി മരങ്ങളാണ് നട്ടത്.  പരിസ്ഥിതി ദിനാചരണത്തില്‍ പ്രധാനാധ്യാപിക സി.എം മീനാകുമാരി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. 



Thursday, 2 June 2016

ആഹ്ലാദം അലതല്ലിയ പ്രവേശനോത്സവ ദിനം


ചെറുവത്തൂര്‍: തൊപ്പിക്കുള്ളില്‍ നിന്നും വെള്ളരി പ്രാവുകള്‍ പറന്നുയര്‍ന്നു...ഒന്നുമില്ലാത്ത പെട്ടിക്കുള്ളില്‍ നിന്നും പൂക്കളും വര്‍ണ്ണബലൂണുകളും പ്രത്യക്ഷമായി.  വിദ്യാലയത്തിലെത്തിയ നവാഗതര്‍  വിസ്മയത്തുമ്പിലേറി. ചന്തേര ഇസ്സത്തുല്‍ ഇസ്ലാം എ എല്‍ പി സ്കൂളിലാണ് വൈകല്യം മറന്ന മനസുമായി എത്തിയ ഉമേഷ്‌ ചെറുവത്തൂര്‍ എല്ലാവരെയും വിസ്മയിപ്പിച്ചത്.  ഇരു കാലുകള്‍ക്കും  ചലനശേഷി ഇല്ലെങ്കിലും മനക്കരുത്തിന്റെ പിന്‍ബലത്തിലാണ് ഉമേഷ് മാജിക്ക് തെരഞ്ഞെടുത്ത്. കഴിഞ്ഞ 18 വര്‍ഷമായി മാജിക് അവതരിപ്പിക്കുന്നുണ്ട്. ഫയര്‍ എസ്‌കേപ്പ് ഉള്‍പ്പെടെയുള്ള അതിസാഹസിക ഇനങ്ങളെല്ലാം ഉമേഷ് സ്വന്തമായാണ് പഠിച്ചെടുത്തത്.  പ്രവേശനോത്സവത്തിനെത്തിയ കുട്ടികളെയും പങ്കെടുപ്പിച്ചു കൊണ്ടാണ് ഉമേഷ്‌ മാജിക്കുകളെല്ലാം  അവതരിപ്പിച്ചത്. കഴിഞ്ഞ തവണ സംസ്ഥാന മികവുത്സവത്തില്‍ കാസര്‍കോട് ജില്ലയെ പ്രതിനിധീകരിച്ച വിദ്യാലയമാണ് ചന്തേര.
ഇക്കുറി  55 കുട്ടികളാണ് ഇവിടെ ഒന്നാംതരത്തിലേക്ക് പ്രവേശനം നേടിയത്. പ്രീ പ്രൈമറിയിലേക്ക് 110 കുട്ടികളും എത്തി.പ്രവേശനോത്സവം പഞ്ചായത്തംഗം വി.പി രാജീവന്‍ ഉദ്ഘാടനം ചെയ്തു. സി.എം മീനാകുമാരി അധ്യക്ഷത വഹിച്ചു. എ.പി.കെ കാസിം കുട്ടികള്‍ക്കുള്ള കുട വിതരണം ചെയ്തു. ടി.വി.പി അബ്ദുല്‍ ഖാദര്‍, സി.എം റഹ്മത്ത്, പി.ബാലചന്ദ്രന്‍ സംസാരിച്ചു


Monday, 4 April 2016


                         ഗ്രാമോത്സവമായി വിദ്യാലയ വാര്‍ഷികാഘോഷം


നടനമികവില്‍ 

വാര്‍ഷികാഘോഷകലാവിരുന്ന് വീക്ഷിക്കാന്‍ എത്തിയവര്‍ 
വാര്‍ഷികാഘോഷം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍

ടി.എം സദാനന്ദന്‍ ഉദ്ഘാടനം ചെയ്യുന്നു 

വിദ്യാലയത്തിന്റെ അറുപത്തി ഒമ്പതാം വാര്‍ഷികാഘോഷം ഗ്രാമോത്സവമായി മാറി. കുട്ടികളുടെ കലാവിരുന്ന് ആസ്വദിക്കാന്‍ ഏതാണ്ട് ആയിരത്തി അഞ്ഞൂറോളം പേര്‍ ഒഴുകിയെത്തി. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ടി എം സദാനന്ദന്‍ ഉദ്ഘാടനം ചെയ്തു.  പി ടി എ പ്രസിഡന്റ് എം ബാബു അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ നിശാം പട്ടേല്‍, വി പി രാജീവന്‍ ,സ്കൂള്‍ മാനേജര്‍ ടി വി പി അബ്ദുല്‍ ഖാദര്‍ , സ്കൂള്‍ പ്രധാനാധ്യാപിക സി എം മീനാകുമാരി , സ്റ്റാഫ് പ്രതിനിധി ബാലചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു

സര്‍വശിക്ഷാ അഭിയാന്‍ ക്ലീന്‍ സ്കൂള്‍ സ്മാര്‍ട്ട് സ്കൂള്‍ പദ്ധതിയുടെ ഭാഗമായി നമ്മുടെ വിദ്യാലയത്തിനുള്ള  വേസ്റ്റ് ബോക്സ് ബി.പി.ഒ എം മഹേഷ്‌ കുമാര്‍ കൈമാറുന്നു
തിരുവനന്തപുരത്ത് നടന്ന സംസ്ഥാന മികവുത്സവത്തില്‍ ജില്ലയെ പ്രതിനിധീകരിച്ചവര്‍ ,,

Tuesday, 8 March 2016

അനന്തപുരിയിലെ ആഹ്ലാദ നിമിഷം..
സംസ്ഥാനത്തെ 42 ഉം ജില്ലയിലെ 3 ഉം വിദ്യാലയങ്ങള്ക്കാണ് തിരുവനന്തപുരത്ത് നടന്ന സംസ്ഥാന മികവുത്സവത്തില്‍ പ്രബന്ധം അവതരിപ്പിക്കാന്‍ കഴിഞ്ഞത്. പിലിക്കോട് പഞ്ചായത്തിലെ ചന്തേര എന്ന കൊച്ചു ഗ്രാമത്തില്‍ നിന്നും ഇസ്സത്തുല്‍ ഇസ്ലാം എ എല്‍ പി സ്കൂളിനെയും ,കാസര്‍ഗോഡ്‌ ജില്ലയേയും പ്രതിനിധീകരിച്ച് ആ വലിയ വേദിയില്‍ നമ്മുടെ നാടിനെയും, വിദ്യാലയത്തേയും കുറിച്ച് പറയാന്‍ കഴിഞ്ഞു എന്നത് അതിയായ സന്തോഷം.. സ്കൂളുകള്‍ തമ്മില്‍ മത്സരം ഇല്ലാതിരുന്നതിനാല്‍ 42 വിദ്യാലയങ്ങളും അവിടെ വിജയചിരിയുമായി നിന്നു.. നമ്മുടെ വിസ്മയയും, ശ്രീയുക്തയ്ക്കും, ഗൌതം ഓംകാറിനും ഈകുഞ്ഞുപ്രായത്തില്‍ ലഭിച്ച ഏറ്റവും മികച്ച അനുഭവമായി അത് മാറി..

Monday, 29 February 2016

അഭിമാന നിമിഷം


ചന്തേരയില്‍ സമാപിച്ച ജില്ലാ മികവുത്സവത്തില്‍ 'സാമൂഹ്യപങ്കാളിത്ത' മേഖലയില്‍ ഒന്നാം സ്ഥാനം നമ്മുടെ വിദ്യാലയത്തിന്.

Friday, 5 February 2016


ആഴ്ച നക്ഷത്രം മെഗാക്വിസ് അറിവുത്സവമായി 

.ഒന്നാം സമ്മാനമായ സൈക്കിള്‍ ഗൌതംഓംകാറിന്     

ചെറുവത്തൂര്‍: പൊതുവിജ്ഞാനത്തിന്റെ അറിവളന്ന ആഴ്ച നക്ഷത്രം മെഗാക്വിസില്‍ കുട്ടികളും അമ്മമാരും മത്സരിക്കാനിറങ്ങി. ചന്തേര ഇസ്സത്തുല്‍ ഇസ്ലാം എ എല്‍ പി സ്കൂളിലാണ് കൈനിറയെ സമ്മാനങ്ങളുമായി മെഗാക്വിസ് അരങ്ങേറിയത്. കുട്ടികളുടെ വിഭാഗത്തില്‍   തിളക്കമാര്‍ന്ന വിജയവുമായി നാലാംതരം വിദ്യാര്‍ത്ഥി ഗൌതം ഓംകാര്‍ ഒന്നാം സമ്മാനമായ സൈക്കിള്‍ ഏറ്റുവാങ്ങി. കുട്ടികളെ പൊതുവിജ്ഞാനത്തിന്റെ വഴികളിലൂടെ കൈപിടിച്ച് നടത്തുക എന്ന ലക്ഷ്യത്തോടെ ജൂണ്‍ മാസം മുതല്‍ എല്ലാ ആഴ്ചയും വിദ്യാലയത്തില്‍ പൊതുവിജ്ഞാന ക്വിസ് മത്സരം നടന്നു വരുന്നുണ്ട്. മത്സരത്തെ അമ്മമാരും സമൂഹവും ഏറ്റെടുക്കുകയും ചെയ്തു. ഈ വര്‍ഷത്തെ മത്സരങ്ങളുടെ സമാപനമായാണ് മെഗാക്വിസ് സംഘടിപ്പിച്ചത്. ചെറുവത്തൂര്‍ ബി.ആര്‍.സി ബി.പി.ഒ എം മഹേഷ്‌ കുമാര്‍ മത്സരം നിയന്ത്രിച്ചു. കുട്ടികളുടെ വിഭാഗത്തില്‍ ഋഷികേശ് മുരളി രണ്ടാം സമ്മാനമായ സ്വര്‍ണ്ണമെഡലും, ശ്രീയുക്ത ജെ.എസ് മൂന്നാം സമ്മാനവും സ്വന്തമാക്കി. അമ്മമാരുടെ മത്സരത്തില്‍ സജിന.എം, ധന്യ.എം എന്നിവര്‍ ഒന്നാം സ്ഥാനവും വീണ.വി രണ്ടാം സമ്മാനവും സ്വന്തമാക്കി. മത്സരം എസ് എസ് എ ജില്ലാ പ്രോജക്റ്റ് ഓഫീസര്‍ ഡോ.എം ബാലന്‍ ഉദ്ഘാടനം ചെയ്തു. സി.എം റഹ്മത്ത് അധ്യക്ഷത വഹിച്ചു. സമാപനയോഗത്തില്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ.പി പ്രകാശ് കുമാര്‍, ടി കെ പൂക്കോയ തങ്ങള്‍ എന്നിവര്‍  സമ്മാനങ്ങള്‍ വിതരണം ചെയ്തു. പിലിക്കോട് പഞ്ചായത്തിലെ മികച്ച വിദ്യാലയമായി തെരഞ്ഞെടുത്തതിനുള്ള അനുമോദനമായി ചന്തേര അല്‍ ഹുദ കള്‍ച്ചറല്‍ സെന്‍ററിന്റെ ഉപഹാരം എം. അബ്ദുള്‍ മജീദില്‍ നിന്നും പ്രധാനാധ്യാപിക സി എം മീനാകുമാരി ഏറ്റുവാങ്ങി. ടി വി പി അബ്ദുല്‍ ഖാദര്‍, എം മഹേഷ്‌ കുമാര്‍, കൃഷ്ണകുമാര്‍ പള്ളിയത്ത്, ആനന്ദ് പേക്കടം, ബാലചന്ദ്രന്‍ എരവില്‍, വിനയന്‍ പിലിക്കോട് സംസാരിച്ചു





Friday, 22 January 2016

നിറഞ്ഞ സന്തോഷം ...പിലിക്കോട് പഞ്ചായത്തുതല മികവുത്സവത്തില്‍ മികച്ച വിദ്യാലയമായി നമ്മുടെ വിദ്യാലയം തെരഞ്ഞെടുക്കപ്പെട്ട വിവരം സന്തോഷപൂര്‍വ്വം അറിയിക്കുന്നു

Monday, 4 January 2016

സ്നേഹപൂര്‍വ്വം സഹപാഠിക്ക്  തുടക്കം

സാമൂഹ്യ നീതി  വകുപ്പ് നടപ്പിലാക്കുന്ന സ്നേഹപൂര്‍വ്വം സഹപാഠിക്ക് പദ്ധതിക്ക് പുതുവത്സര ദിനത്തില്‍ തുടക്കം.
പുതുവര്‍ഷത്തെ ആഹ്ലാദത്തോടെ വരവേറ്റു കുട്ടികള്‍