Monday, 22 June 2015

 പ്രായത്തെ തോല്‍പ്പിച്ച പഠനാനുഭവങ്ങളുമായി ജാനകിയമ്മ 


അറുപത്തിയേഴാം വയസില്‍ നാലാം തരം തുല്യതാ പരീക്ഷ വിജയിച്ചതിന്റെ ആവേശവുമായി വായന വാരാഘോഷത്തിനെത്തിയ ജാനകിയമ്മ കുട്ടികള്‍ക്കിടയില്‍ താരമായി. കര്‍ഷക തൊഴിലാളിയായ മാണിയാട്ടെ വി.ജാനകിയാണ് പഠനാനുഭവങ്ങള്‍ പങ്കുവയ്ക്കാന്‍ ചന്തേര ഇസ്സത്തുല്‍ ഇസ്ലാം എ.എല്‍.പി സ്കൂളില്‍ എത്തിയത്. അക്ഷരം പിഴക്കാതെ പുസ്തകം വായിച്ചും, നാട്ടിപ്പാട്ടുകള്‍ പാടിയും അവര്‍ കുട്ടികളെ വിസ്മയിപ്പിച്ചു. ചെറുപ്പത്തില്‍ സ്കൂളില്‍ പോകാന്‍ സാധിച്ചില്ല.പഠിക്കണം എന്നാഗ്രഹമുണ്ടായിരുന്നു. അങ്ങനെയിരിക്കെയാണ് സാക്ഷരത പ്രേരക് ആര്‍. പി. ബീന നാലാംതരം തുല്യതാ പരീക്ഷയെ കുറിച്ച് പറഞ്ഞത്. പുസ്തകങ്ങളും തന്നു. രാവിലെ മുതല്‍ ഉച്ചവരെ പാടത്ത് കൃഷിപ്പണിക്ക് പോകും. വീട്ടിലെ ജോലികളും കഴിഞ്ഞായിരുന്നു പഠനം. അങ്ങനെ നീലേശ്വരം ബ്ലോക്ക് പരിധിയില്‍ തന്നെ മികച്ച വിജയം നേടിയ ഒരാളായി മാറി. ജാനകിയമ്മ അനുഭവങ്ങള്‍ പറഞ്ഞു തുടങ്ങിയപ്പോള്‍ കുട്ടികളിലും സംശയം നിറഞ്ഞു. എതായിരുന്നു പഠിക്കാന്‍ ഏറ്റവും വിഷമമുള്ള വിഷയം എന്നായി കുട്ടികള്‍. ഇംഗ്ലീഷ് എന്നായിരുന്നു മറുപടി. ഇനി ഏതായാലും ഏഴാംതരം തുല്യത പരീക്ഷ കൂടി എഴുതണമെന്ന ആഗ്രഹത്തിലാണ് ഇവര്‍. ജാനകിയമ്മയെ സ്കൂള്‍ പ്രധാനാധ്യാപിക സി.എം മീനാകുമാരി പൊന്നാടയണിയിച്ചു. പി.ബാലചന്ദ്രന്‍, കെ.ആര്‍ ഹേമലത,  കെ.വിനയചന്ദ്രന്‍, എം.ടി പി ശ്യാമില,ടി റജിന,പ്രജിത ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.   വായന വാരാചരണ ഭാഗമായി വിദ്യാലയത്തില്‍   പുസ്തക പ്രദര്‍ശനം, ക്വിസ്,വായന മത്സരം എന്നിവയും സംഘടിപ്പിച്ചു 

Friday, 19 June 2015

വായന വാരാചരണത്തിനു തുടക്കം
പി.എന്‍ പണിക്കരുടെ സ്മരണ പുതുക്കി  വായന വാരാചരണത്തിനു തുടക്കം. ലൈബ്രറി സജ്ജീകരണം, പുസ്തക പ്രദര്‍ശനം എന്നിവയായിരുന്നു ആദ്യ ദിവസത്തെ പരിപാടികള്‍. വെറുതെ കണ്ടു പോകുന്നതിനു പകരം കുട്ടികളുടെ വീക്ഷണം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി ചില മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു. ഏറ്റവും കൂടുതല്‍ പുസ്തകങ്ങളുടെ പേരുകള്‍ ഓര്‍ത്തെടുത്ത് എഴുതിയത് ലുബ്നയായിരുന്നു. ഗൌതം ഓം കാര്‍, ദില്‍ന രഘു എന്നിവര്‍ രണ്ടാം സ്ഥാനം സ്വന്തമാക്കി. വായനമത്സരം, പ്രസംഗ മത്സരം എന്നിവ വരും ദിവസങ്ങളില്‍ നടക്കും. രണ്ടായിരത്തോളം പുസ്തകങ്ങള്‍ പ്രദര്‍ശനത്തില്‍ നിറഞ്ഞു.



        
ആഴ്ച നക്ഷത്രം ക്വിസ് ആവേശത്തോടെ ഏറ്റെടുത്ത് കുട്ടികള്‍

കഴിഞ്ഞ കുറെവര്‍ഷങ്ങളായി ആഴ്ചയില്‍ ഒരു ദിവസം കുട്ടികള്‍ക്കായി ക്വിസ് മത്സരങ്ങള്‍ നടത്താറുണ്ടെങ്കിലും അത് കൂടുതല്‍ കാര്യക്ഷമമാക്കണമെന്ന ചിന്തയിലാണ് ഇത്തവണ ആഴ്ച നക്ഷത്രം ക്വിസ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. തികഞ്ഞ ആവേശത്തോടെ കുട്ടികള്‍ മത്സരം ഏറ്റെടുത്ത് കഴിഞ്ഞു.
    

Friday, 5 June 2015

കൊന്നമരത്തിന്റെ പിറന്നാള്‍ ആഘോഷം കെങ്കേമമാക്കി കുട്ടികള്‍  

  
ചെറുവത്തൂര്‍: കയ്യില്‍ ആശംസാകാര്‍ഡുകളുമായാണ് ചന്തേര ഇസ്സത്തുല്‍ ഇസ്ലാം എ.എല്‍.പി സ്കൂളിലെ നാലാംതരം വിദ്യാര്‍ത്ഥികള്‍ പരിസ്ഥിതി ദിനത്തില്‍ വിദ്യാലയത്തിലെത്തിയത്. സ്കൂള്‍ മുറ്റത്തെ കൊന്നമരത്തിലേക്ക് അവര്‍ ആ ആശംസാകാര്‍ഡുകള്‍ ചേര്‍ത്തുവച്ചു. നാലാം പിറന്നാള്‍ ദിനത്തില്‍ തങ്ങളുടെ പ്രിയപ്പെട്ട കൊന്നമരത്തിന് അവര്‍ ആവോളം വെള്ളം പകര്‍ന്നു. ഇപ്പോഴത്തെ  നാലാംതരം വിദ്യാര്‍ത്ഥികള്‍ ഒന്നാംതരത്തില്‍ പഠിക്കുമ്പോഴാണ് സ്കൂള്‍ മുറ്റത്ത് കൊന്നത്തൈ നട്ടത്. വേലികെട്ടി വെള്ളം നനച്ച് അവര്‍ കൊന്നമരത്തെ പൊന്നുപോലെ നോക്കി വളര്‍ത്തി.  വളര്‍ന്നു വലുതായ കൊന്നമരത്തില്‍ ഇപ്പോള്‍ ഒരു കാക്കയും കൂടുകെട്ടിയിട്ടുണ്ട്. വര്‍ണ്ണക്കടലാസുകളും, വര്‍ണ്ണ ബലൂണുകളും കൊണ്ട് അലങ്കരിച്ച് പൊലിമയോടെയാണ് കൊന്നമരത്തിന്റെ പിറന്നാള്‍ ആഘോഷം നടന്നത്. ഈ മരത്തിനു ചുവട്ടില്‍ നിന്നും കുട്ടികള്‍ പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞയും ചൊല്ലി.  സ്കൂള്‍ പ്രധാനാധ്യാപിക സി.എം മീനാകുമാരി പ്രതിജ്ഞ ചൊല്ലികൊടുത്തു.  വിസ്മയ, പി.ബാലചന്ദ്രന്‍, കെ.ആര്‍ ഹേമലത, ടി.റജിന, വിനയചന്ദ്രന്‍, എം.ടി.പി  ശ്യാമില  തുടങ്ങിയവര്‍ സംസാരിച്ചു. ക്ലാസ് അടിസ്ഥാനത്തില്‍ കുട്ടികള്‍ സ്കൂള്‍ മുറ്റത്ത് വൃക്ഷത്തൈകള്‍ നട്ടു. കുട്ടികള്‍ക്കെല്ലാം വൃക്ഷത്തൈകളും നല്‍കി.

Tuesday, 2 June 2015

പാചകശാല തുറന്നു


പൊതുവിദ്യാഭ്യാസം ഉച്ചഭക്ഷണം പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിദ്യാലയത്തില്‍ നിര്‍മ്മിച്ച പാചകശാല തുറന്നു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ.പി പ്രകാശ് കുമാര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ വൈസ് പ്രസിഡന്റ് എം.ബാബു അധ്യക്ഷത വഹിച്ചു. നിര്‍മാണ പ്രവൃത്തിക്ക് മേല്‍നോട്ടം വഹിച്ച എം.ടി.പി സുലൈമാനെ ചടങ്ങില്‍ ആദരിച്ചു. ടി.വി.പി അബ്ദുള്‍ ഖാദര്‍, സി.എം മീനാകുമാരി, പി.ബാലചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. പായസ വിതരണവും നടന്നു                    
നവാഗതര്‍ക്ക് സമ്മാനമായി കുടയും പഠനകിറ്റും



ഒന്നാംതരത്തിലേക്കും, പ്രീ പ്രൈമറിയിലേക്കും പ്രവേശനം നേടിയ മുഴുവന്‍ കുട്ടികള്‍ക്കും കുടയും, പഠന കിറ്റും സമ്മാനമായി ലഭിച്ചു. ചന്തേര എ.പി.കെ കാസിമാണ് 150 കുടകള്‍ സംഭാവന ചെയ്തത്. പ്രവേശനോത്സവ ചടങ്ങില്‍ വച്ച് അദ്ദേഹം തന്നെ കുടകള്‍ കുട്ടികള്‍ക്ക് സമ്മാനിച്ചു. സി.എം.എസ് ചന്തേര ഇത്തവണയും കുട്ടികള്‍ക്ക് പഠനകിറ്റ്‌ സമ്മാനിച്ചു            
വര്‍ണ്ണം വിതറി പ്രവേശനോത്സവം  

വര്‍ണ്ണക്കുടകളും, ബലൂണുകളും, ചായപെന്‍സിലുകളും സമ്മാനമായി ലഭിച്ചപ്പോള്‍  ചന്തേര ഇസ്സത്തുല്‍ ഇസ്ലാം എ.എല്‍.പി സ്കൂളില്‍ എത്തിയ കുരുന്നുകള്‍ക്ക് ആഹ്ലാദം. പിലിക്കോട് പഞ്ചായത്തുതല പ്രവേശനോത്സവത്തിനാണ് വിദ്യാലയം വേദിയായത്. 



 കാലിക്കടവില്‍ നിന്നാരംഭിച്ച റാലിയോടെ പ്രവേശനോത്സവം ആരംഭിച്ചു.  ബാന്റ് മേളത്തിന്റെ അകമ്പടിയോടെ നടന്ന റാലിയില്‍  വിദ്യാഭ്യാസ സംരക്ഷണ സന്ദേശങ്ങള്‍ അടങ്ങിയ പ്ലക്കാര്‍ഡുകളുമായി  വിദ്യാര്‍ത്ഥികളും, രക്ഷിതാക്കളും നാട്ടുകാരും അണിനിരന്നു. തുടര്‍ന്ന് നടന്ന ചടങ്ങില്‍ പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  എ.വി രമണി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സി.എ കരീം അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ എം.എം ലക്ഷ്മി, വി.മാധവി, സി.ആര്‍.സി കോഡിനേറ്റര്‍ പി.രാഗിണി, ടി. വി.പി അബ്ദള്‍ ഖാദര്‍, സി.എം റഹ്മത്ത് എന്നിവര്‍ സംസാരിച്ചു. എ.പി.കെ കാസിം സൌജന്യ കുട വിതരണവും, ജുബൈര്‍. എ.ജി പഠനോപകരണ വിതരണവും നിര്‍വഹിച്ചു. സ്കൂള്‍ പ്രധാനാധ്യാപിക സി.എം മീനാകുമാരി സ്വാഗതവും, പി.ബാലചന്ദ്രന്‍ നന്ദിയും പറഞ്ഞു