Thursday, 4 December 2014



           പ്രതിഭകള്‍ക്ക് വിജയോത്സവത്തിലൂടെ അനുമോദനം 




ജില്ലാ ഉപജില്ലാ ശാസ്ത്രോത്സവങ്ങളിലും, ഉപജില്ലാ കലോത്സവത്തിലും മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ ചന്തേര ഇസ്സത്തുല്‍ ഇസ്ലാം എ.എല്‍.പി സ്കൂള്‍ പി.ടി.എ കമ്മറ്റി വിജയോത്സവത്തിലൂടെ അനുമോദിച്ചു. ജില്ലാ ശാസ്ത്രോത്സവത്തില്‍ രണ്ട് ഒന്നാം സ്ഥാനങ്ങള്‍, ഉപജില്ലാ സാമൂഹ്യ ശാസ്ത്ര മേളയില്‍ ഒന്നാം സ്ഥാനം , അറബിക് സാഹിത്യോത്സവത്തില്‍ രണ്ടാം സ്ഥാനം, കലോത്സവം ഓവറോള്‍ വിഭാഗത്തില്‍ മൂന്നാം സ്ഥാനം എന്നീ നേട്ടങ്ങളാണ് ഇത്തവണ വിദ്യാലയം സ്വന്തമാക്കിയത്. അനുമോദനയോഗ ഉദ്ഘാടനവും, ഉപഹാര സമര്‍പ്പണവും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ.പി പ്രകാശ് കുമാര്‍ നിര്‍വഹിച്ചു. രചന ബാബു അധ്യക്ഷത വഹിച്ചു. ചെറുവത്തൂര്‍ ബി.പി.ഒ കെ.ഷൈനി, സ്കൂള്‍ മാനേജര്‍ ടി.വി.പി   അബ്ദുള്‍ ഖാദര്‍, മദര്‍ പി. ടി. എ പ്രസിഡന്റ് സി.എം റഹ്മത്ത്, .ബാലചന്ദ്രന്‍ എരവില്‍, വിനയന്‍ പിലിക്കോട് തുടങ്ങിയവര്‍ സംസാരിച്ചു. 

Monday, 17 November 2014

ജില്ലാ ശാസ്ത്രോത്സവത്തിലും അഭിമാനനേട്ടം
................................................................................................
പൂപ്പുഞ്ചിരിയുമായി ദേവിക
ചന്ദനത്തിരിയുടെ വിജയ സുഗന്ധവുമായി സൌരവ്
........................................................................................


കടലാസുകൊണ്ട് പൂക്കളുടെ വിസ്മയമൊരുക്കിയ ദേവിക ദേവനും, ചന്ദനത്തിരിയുടെ സുഗന്ധം നിറച്ച സൌരവിനും ജില്ലയില്‍ ഒന്നാം സ്ഥാനം.   പേപ്പര്‍ ക്രാഫ്റ്റില്‍ ഒന്നാം സ്ഥാനം. നാല്‍പ്പതുതരം പൂക്കളാണ് മൂന്നുമണിക്കൂറിനുള്ളില്‍ ദേവികയുടെ  കരവിരുതില്‍ വിരിഞ്ഞത്. പനിനീര്‍ ,ചെമ്പരത്തി, ഓര്‍ക്കിഡുകള്‍ തുടങ്ങി താമരവരെയുള്ള പൂക്കള്‍ മത്സരവേദിയില്‍ നിറഞ്ഞു. ചന്തേര ഇസ്സത്തുല്‍ ഇസ്ലാം എ.എല്‍.പി സ്കൂളിലെ നാലാംതരം വിദ്യാര്‍ത്ഥിനിയാണ്. കഴിഞ്ഞ വര്‍ഷം ഇതേ ഇനത്തില്‍ എ ഗ്രേഡോടെ മൂന്നാംസ്ഥാനം നേടിയിരുന്നു. 137 ചന്ദനത്തിരികളാണ്‌ സൌരവ് നിര്‍മ്മിച്ചത്. കഴിഞ്ഞ വര്‍ഷവും ഇതേ ഇനത്തില്‍ ഒന്നാം സ്ഥാനം നേടിയിരുന്നു....അഭിനന്ദനങ്ങള്‍    

Thursday, 13 November 2014




വിജയാഘോഷ റാലിയില്‍ ആഹ്ലാദം അലതല്ലി 







  ചെറുവത്തൂര്‍ ഉപജില്ലാ കലോത്സവത്തിലും, ശാസ്ത്ര മേളയിലും ചന്തേര ഇസ്സത്തുല്‍ ഇസ്ലാം എ.എല്‍.പി സ്കൂളിന് മികച്ച നേട്ടം കൈവരിക്കാനായതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് വിജയാഘോഷ റാലി നടത്തി. ഉദിനൂര്‍ ഗവ:ഹയര്‍ സെക്കണ്ടറി സ്കൂളില്‍ സമാപിച്ച ഉപജില്ലാ കലോത്സവത്തില്‍ ജനറല്‍ വിഭാഗത്തില്‍ മൂന്നാം സ്ഥാനവും,അറബിക് കലോത്സവത്തില്‍ ഓവറോള്‍ വിഭാഗത്തില്‍ രണ്ടാം സ്ഥാനവും നേടി. ശാസ്ത്രോത്സവത്തില്‍  സാമൂഹ്യ ശാസ്ത്ര മേളയില്‍ ഓവറോള്‍ ചാമ്പ്യഷിപ്പും നേടി. പ്രവര്‍ത്തിപരിചയ മേളയില്‍ ചന്ദനത്തിരി നിര്‍മ്മാണത്തില്‍ സൌരവും, പേപ്പര്‍ ക്രാഫ്റ്റില്‍ ദേവിക ദേവനും,സാമൂഹ്യ ശാസ്ത്രമേളയില്‍ ചാര്‍ട്ടില്‍ മുഹമ്മദ്‌ എം.ടി.പി,കീര്‍ത്തന.വി.വി എന്നിവരും ജില്ലാതല മേളയില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടി.ഉച്ചയ്ക്ക് മൂന്നു മണിയോടെ സ്കൂള്‍ പരിസരത്ത് നിന്നും ആരംഭിച്ച റാലിയില്‍ സമ്മാനങ്ങളുമായി മേളകളിലെ വിജയികളും,തൊട്ടുപിന്നാലെയായി വിദ്യാലയത്തിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളും അണിനിരന്നു.  കാലിക്കടവ് വരെയായിരുന്നു റാലി    
 വിജയാഘോഷ റാലിക്ക് സ്കൂള്‍ പ്രധാനാധ്യാപിക സി.എം മീനാകുമാരി,ബാലചന്ദ്രന്‍ എരവില്‍, എം.ടി.പി ശ്യാമില, വിനയന്‍ പിലിക്കോട്, ടി.റജിന, കെ.ആര്‍ ഹേമലത, സിഞ്ചു,മിര്‍സാദ്, ഫര്‍ഹാന്‍, ആദില്‍ ,സനൂഷ ,മഞ്ജിമ  എന്നിവര്‍ നേതൃത്വം നല്‍കി.തുടര്‍ന്ന് സ്കൂള്‍ പരിസരത്ത് പ്രത്യേക അസംബ്ലിയും ചേര്‍ന്നു  

Wednesday, 12 November 2014

ഉപജില്ലാ കലോത്സവത്തിലും തിളക്കമാര്‍ന്ന നേട്ടം
.....................................................................................................







ഉദിനൂര്‍ ഗവ:ഹയര്‍ സെക്കണ്ടറി സ്കൂളില്‍ സമാപിച്ച ചെറുവത്തൂര്‍ ഉപജില്ലാ സ്കൂള്‍ കലോത്സവത്തില്‍  ഞങ്ങളുടെ വിദ്യാലയത്തിന് മികച്ച നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിച്ചു. എല്‍.പി വിഭാഗം അറബിക് സാഹിത്യോത്സവത്തില്‍ ഓവറോള്‍ വിഭാഗത്തില്‍ രണ്ടാം സ്ഥാനം നേടാന്‍ സാധിച്ചു എന്നതില്‍ നിറഞ്ഞ സന്തോഷം. ഒരു പോയന്റിനാണ് ഒന്നാം സ്ഥാനം നഷ്ടമായത്. ജനറല്‍ വിഭാഗത്തില്‍ 41 പോയന്റുമായി ഓവറോള്‍ വിഭാഗത്തില്‍ മൂന്നാം സ്ഥാനം നേടാന്‍ സാധിച്ചത് വിജയത്തിന്റെ ഇരട്ടി മധുരമായി. പുറത്തു നിന്നും പരിശീലകരെ കൊണ്ടുവരാതെ വിദ്യാര്‍ത്ഥികളും,രക്ഷിതാക്കളും,അധ്യാപകരും കൂട്ടായ്മയോടെ നടത്തിയ പരിശ്രമമാണ് നേട്ടത്തിലേക്ക് നയിച്ചത്. ഉപജില്ലാ ശാസ്ത്രോത്സവത്തിലും,    കലോത്സവ വേദിയിലും തിളക്കമാര്‍ന്ന നേട്ടങ്ങള്‍ കൈവരിച്ച പ്രതിഭകളെ വിജയോത്സവത്തിലൂടെ അനുമോദിക്കും.            







Friday, 31 October 2014

എല്ലാവര്‍ക്കും കേരളപ്പിറവി ആശംസകള്‍
അക്ഷരമരമൊരുക്കി 58 ദീപം തെളിയിച്ച് കേരളപ്പിറവി ആഘോഷം 


സ്കൂള്‍ മുറ്റത്ത് ഒരുക്കിയ അക്ഷരമരച്ചോട്ടില്‍ 58 ദീപങ്ങള്‍ തെളിയിച്ച് മലയാള നാടിന്റെ പിറന്നാള്‍ ദിനത്തെ കുരുന്നുകള്‍ വരവേറ്റു. ചന്തേര ഇസ്സത്തുല്‍ ഇസ്ലാം എ എല്‍ പി സ്കൂളിലാണ് അമ്മമലയാളം എന്ന പേരില്‍ ദിനാചരണം ഒരുക്കിയത്. കേരളത്തിന്റെ അടിസ്ഥാന വിവരങ്ങള്‍, ജില്ലകള്‍, നദികള്‍, ഓരോ ജില്ലകളിലെയും സവിശേഷത, കലകള്‍ എന്നിവയെല്ലാം ഉള്‍പ്പെടുത്തി കുട്ടികളുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ പോസ്റ്ററുകളാണ്‌ അക്ഷരമരത്തില്‍ നിറഞ്ഞത്. ക്വിസ് മത്സരവും നടന്നു. സ്കൂള്‍ പ്രധാനാധ്യാപിക സി എം മീനാകുമാരി ഉദ്ഘാടനം ചെയ്തു. ബാലചന്ദ്രന്‍ എരവില്‍ അധ്യക്ഷത വഹിച്ചു. കെ ആര്‍ ഹേമലത, ടി റജിന, വിനയന്‍ പിലിക്കോട്, സിഞ്ചു എന്നിവര്‍ സംസാരിച്ചു. കുട്ടികള്‍ അവതരിപ്പിച്ച കലാപരിപാടികളും അരങ്ങേറി.



Thursday, 30 October 2014

                                               പപ്പായകള്‍ കായ്ച്ചു തുടങ്ങി




നട്ടതില്‍ പകുതിയും നശിച്ചു പോയെങ്കിലും ശേഷിക്കുന്ന പപ്പായകള്‍ കായ്ച്ചു തുടങ്ങിയതിന്റെ സന്തോഷത്തിലാണ് ഞങ്ങള്‍. പരിമിതമായ സ്ഥല സൗകര്യം മാത്രമാണ് കൃഷിക്കായി  ഉള്ളതെങ്കിലും ആ സ്ഥലത്ത് ഉച്ചഭക്ഷണത്തിന് ഉപയോഗിക്കാന്‍ കഴിയുന്ന വിളകള്‍ എന്തെങ്കിലും കൃഷി ചെയ്യണമെന്ന്‍ ഞങ്ങള്‍ കഴിഞ്ഞ വര്‍ഷമാണ്‌ തീരുമാനിച്ചത്. കുറച്ചു പപ്പായ തൈകളും, കാട്ടുവാഴകളും നട്ടു. പപ്പായതൈകളില്‍ ചിലത് വളര്‍ന്നതേയില്ല. ചിലത് മരക്കമ്പ് വീണു നശിച്ചു. ശേഷിക്കുന്ന സംരക്ഷിച്ച് വെള്ളം നനച്ചു വളര്‍ത്തി. മൂന്നെണ്ണത്തില്‍ ഇപ്പോള്‍ പപ്പായകള്‍ കായ്ച്ചു തുടങ്ങി. അഞ്ച് വാഴകള്‍ കുലയ്ക്കാറായി. ഇതിന്റെ സന്തോഷത്തിലാണ് ഞങ്ങള്‍ കുട്ടികളെല്ലാം. ഇനി കുറച്ച് പച്ചക്കറി കൃഷി ചെയ്യാനാണ് തീരുമാനം.



                                                             ഹരിതക്ലബ്ബംഗങ്ങള്‍            

Saturday, 25 October 2014

മികച്ച ബ്ലോഗുകളില്‍ ഞങ്ങളുടെ ബ്ലോഗും
ചെറുവത്തൂര്‍ ഉപജില്ലയിലെ ബ്ലോഗുകളില്‍ എല്‍ പി വിഭാഗത്തിലെ മികച്ച ബ്ലോഗുകളുടെ പട്ടികയില്‍ ഞങ്ങളുടെ ബ്ലോഗും ....കൂടുതല്‍ കരുത്തോടെ മുന്നേറാന്‍ ഈ അംഗീകാരം ഞങ്ങള്‍ക്ക് കരുത്തേകുന്നു ...പ്രേരണയാകുന്നു .............

Friday, 17 October 2014

ശാസ്ത്രോത്സവത്തില്‍ മികച്ച നേട്ടം
കൈക്കോട്ടുകടവിൽ നടന്ന ചെറുവത്തൂർ ഉപജില്ലാ ശാസ്ത്രോത്സവത്തില്‍ ഞങ്ങളുടെ വിദ്യാലയമായ ഇസ്സത്തുല്‍ ഇസ്ലാം എ എല്‍ പി സ്കൂള്‍ മികച്ച നേട്ടങ്ങള്‍ സ്വന്തമാക്കി. സാമൂഹ്യ ശാസ്ത്ര മേളയില്‍ ചാര്‍ട്ട് മത്സരത്തില്‍ കഴിഞ്ഞ തവണത്തെ ഒന്നാം സ്ഥാനം ഇത്തവണയും നിലനിര്‍ത്തി. കുടുംബ കൃഷി വര്‍ഷത്തില്‍ കൃഷിയുടെ പ്രാധാന്യവും, ജൈവകൃഷിയുടെ ആവശ്യകതയും വ്യക്തമാക്കുന്ന ചാര്‍ട്ടുകളുമായാണ് നാലാം തരത്തിലെ മുഹമ്മദ്‌ ,മൂന്നാം തരത്തിലെ കീര്‍ത്തന എന്നിവര്‍ മത്സരവേദിയില്‍ എത്തിയത്. സാമൂഹ്യ ശാസ്ത്ര മേളയില്‍ ഒന്നാം സ്ഥാനത്തെത്താനും വിദ്യാലയത്തിന് സാധിച്ചു.
പ്രവൃത്തി പരിചയ മേളയിലും മികവോടെ 
.................................................................................
ചന്ദനത്തിരി നിര്‍മ്മാണത്തില്‍ കഴിഞ്ഞ തവണ ജില്ലയില്‍ ഒന്നാംസ്ഥാനം നേടിയ സൌരവ് ഇത്തവണയും ശുഭ പ്രതീക്ഷയിലാണ്. ഉപജില്ലയില്‍ മികച്ച പ്രകടനത്തോടെയാണ് ഒന്നാം സ്ഥാനം സ്വന്തമാക്കിയത്.
  പേപ്പര്‍ ക്രാഫ്റ്റില്‍ ദേവിക ദേവനും കഴിഞ്ഞ തവണത്തെ ഒന്നാം സ്ഥാനം നിലനിര്‍ത്തി. കടലാസ് പൂക്കളുടെ വര്‍ണ്ണ പ്രപഞ്ചം തന്നെ ദേവിക മത്സരവേദിയില്‍ വിരിയിച്ചു. 25 തരം പൂക്കളാണ് മൂന്ന്‍ മണിക്കൂറിനുള്ളില്‍ ദേവിക നിര്‍മ്മിച്ചെടുത്തത്. ജില്ലയിലും വിജയം ആവര്‍ത്തിക്കാന്‍ കഴിയുമെന്ന് തന്നെയാണ് ഈ മിടുക്കിയുടെ പ്രതീക്ഷ 

ആദ്യമായി മത്സര വേദിയില്‍ എത്തിയതാണെങ്കിലും ശ്രീയുക്ത ത്രെഡ് പാറ്റേണില്‍ മികച്ച പ്രകടനം കാഴ്ച വച്ചു എ ഗ്രേഡോടെ മൂന്നാം സ്ഥാനമാണ് ഈ ഇനത്തില്‍ ലഭിച്ചത്                   

Friday, 5 September 2014

കുട്ടികള്‍ക്കൊപ്പം അമ്മമാരും മത്സരിക്കാനിറങ്ങി;ഇസ്സത്തുലില്‍ ഓണാവേശം വാനോളമുയര്‍ന്നു           
ചെറുവത്തൂർ : ജാതി -മത ഭേതമന്യേ ഒരു ഗ്രാമത്തിലെ മുഴുവനാളുകളും ഓണമുണ്ണാനെത്തിയപ്പോള്‍ അക്ഷരമുറ്റത്തെ ഓണാഘോഷം മത സാഹോദര്യത്തിന്റെതായി. ചന്തേര ഇസ്സത്തുല്‍ ഇസ്ലാം എ എല്‍ പി സ്കൂളിലാണ് ഓണാഘോഷം നാടിന്റെ ഉത്സവമായി മാറിയത്. ആഘോഷം ഏതായാലും അത് എല്ലാവരും ചേര്‍ന്ന് ആഘോഷിക്കുക എന്നതാണ് വിദ്യാലയത്തിലെ രീതി . റമദാന്‍ മാസത്തില്‍ ഇതരമതസ്ഥരും  നോമ്പ് നോല്‍ക്കുന്നതും, എല്ലാവരെയും പങ്കെടുപ്പിച്ചു കൊണ്ടുള്ള സമൂഹനോമ്പുതുറയും വര്‍ഷങ്ങളായി ഇവിടെ തുടര്‍ന്ന് വരുന്ന ശീലമാണ്. അറുന്നൂറോളം പേര്‍ക്കാണ് ഇത്തവണ വിദ്യാലയത്തില്‍ ഓണസദ്യയൊരുക്കിയത്. സ്കൂള്‍ പി ടി എ പ്രാദേശിക കമ്മറ്റികള്‍ മത്സരിച്ച് വിഭവങ്ങള്‍ ഒരുക്കിയപ്പോള്‍ ഇത്തവണയും ഓണസദ്യ വിഭവ സമൃദ്ധമായി.                 പാട്ടിനൊപ്പമുള്ള  ഊഞ്ഞാലാട്ടവും  ,ഓണക്കളികളും , നാടന്‍ പൂക്കള്‍ കൊണ്ടുള്ള പൂക്കളവുമൊക്കെ ഓണാഘോഷത്തിനു പൊലിമ കൂട്ടി.    . ചന്തേര ഇസ്സത്തുല്‍ ഇസ്ലാം എ. എല്‍ പി സ്കൂളിലാണ് പഴയ . സ്കൂള്‍ മുറ്റത്തെ മാവിന്‍ കൊമ്പുകളില്‍ കെട്ടിവച്ച ഊഞ്ഞാലുകളില്‍  കുട്ടികള്‍ ആവേശത്തോടെ ആടിയുയര്‍ന്നു. പഴയകാലത്ത് ഓണദിനങ്ങളിലെ പ്രധാന വിനോദമായിരുന്നു ഊഞ്ഞാലാട്ടം. എന്നാല്‍ കാലമാറ്റത്തില്‍ ഓണക്കാഴ്ചകളില്‍ നിന്നും ഊഞ്ഞാല്‍ മാഞ്ഞുതുടങ്ങിയതിനാലാണ് വിദ്യാലയത്തിലെ ഓണഘോഷത്തില്‍  ഊഞ്ഞാലാട്ടം കൂടിയൊരുക്കിയത്. കുട്ടികളില്‍ ആഹ്ലാദം നിറച്ച്  മാവേലിയും സ്കൂള്‍ മുറ്റത്തെത്തി. കുട്ടികള്‍ക്ക് രക്ഷിതാക്കള്‍ക്കുമായി വിവിധ മത്സരങ്ങളും നടന്നു. ചന്തേര മുസ്ലിം ജമാത്ത് കമ്മറ്റി പ്രസിഡന്റ് ടി കെ പൂക്കോയ തങ്ങള്‍,  സ്കൂൾ പി ടി എ പ്രസിഡന്റ്  സി എ കരീം . സ്കൂൾ പ്രധാനാധ്യാപിക സി എം മീനാകുമാരി,  സ്കൂള്‍ മാനേജര്‍ അബ്ദുള്‍  ഖാദര്‍ ,  എം പി ടി എ പ്രസിഡന്റ് സി എം റഹമത്ത്,  ബാബു രചന, ഓം പ്രകാശ് , ബാലചന്ദ്രൻ എരവിൽ ,വിനയൻ പിലിക്കോട് ,കെ ആർ ഹേമലത, ടി റജീന ,കെ പ്രേമലത, ശ്യാമില തുടങ്ങിയവർ സംസാരിച്ചു   





Wednesday, 27 August 2014

റോഡ്‌ സുരക്ഷയുടെ പാഠങ്ങള്‍ അറിഞ്ഞ് കുട്ടികള്‍ 
കാലിക്കടവ് : കൊച്ചു കൊച്ചു   ചോദ്യങ്ങളുമായി മോട്ടോര്‍  വെഹിക്കിള്‍  ഇൻസ്പെക്ടര്‍  സ്കൂള്‍  മുറ്റത്തെത്തിയപ്പോള്‍  കുട്ടികള്‍  അറിഞ്ഞത് റോഡ്‌ സുരക്ഷയുടെ പാഠങ്ങള്‍ . ചന്തേര ഇസ്സത്തുല്‍  ഇസ്ലാം എ എൽ പി സ്കൂളില്‍  സംഘടിപ്പിച്ച ട്രാഫിക് ബോധവത്കരണ പരിപാടിയിലാണ് ചോദ്യങ്ങളും സമ്മാനങ്ങളുമായി  കാഞ്ഞങ്ങാട് മോട്ടോര്‍  വെഹിക്കിള്‍  ഇൻസ്പെക്ടര്‍  കെ ആര്‍  പ്രസാദ് എത്തിയത്. കുട്ടികള്‍  അറിഞ്ഞിരിക്കേണ്ട ട്രാഫിക് നിയമങ്ങള്‍  അവരെ ബോധ്യപ്പെടുത്തുക എന്നതായിരുന്നു പരിപാടിയുടെ ലക്ഷ്യം. വാഹനങ്ങളില്‍  യാത്ര ചെയ്യമ്പോള്‍    ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ , പ്രധാന റോഡ്‌ നിയമങ്ങള്‍ , സിഗ്നലുകള്‍  എന്നിവയെല്ലാം പരിപാടിയിലൂടെ കുട്ടികളറിഞ്ഞു. ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങളിലൂടെ കുട്ടികളെ ഉത്തരങ്ങളിലേക്ക് നയിക്കുന്ന രീതിയിലായിരുന്നു ബോധവത്കരണ പരിപാടി. തൃക്കരിപ്പൂർ ജെസീസിന്റെ സഹകരണത്തോടെയായിരുന്നു ബോധവത്കരണ പരിപാടി . ഷിജു കരിവെള്ളൂർ അധ്യക്ഷത വഹിച്ചു. സ്കൂള്‍  പ്രധാനാധ്യാപിക സി എം മീനാകുമാരി, ബാലചന്ദ്രന്‍ എരവില്‍  ശ്രീജിത്ത്‌, വിനയൻ പിലിക്കോട്, കെ ആർ ഹേമലത, ടി റജിന, എം ടി പി ശ്യാമില, സിഞ്ചു  എന്നിവർ സംസാരിച്ചു  



Saturday, 23 August 2014

പിറന്നാൾ സമ്മാനമായി പായസം


ചന്തേര:ഇസ്സത്തുൽ ഇസ്ലാം എ .എൽ .പി.സ്കൂളിൽ പിറന്നാളിന് മധുരപലഹാരങ്ങൾ ,മിട്ടായി എന്നിവ മാറി കഴിഞ്ഞു.പുസ്തകങ്ങളും,പഠനോപകരണങ്ങളും ,ഭക്ഷ്യവസ്തുക്കളുമായാണ് കുട്ടികളും രക്ഷിതാക്കളും വിദ്യാലയത്തിൽ എത്തുന്നത്.കഴിഞ്ഞ ദിവസം ഒന്നാം ക്ലാസ്സിലെ അനഘാസുരേഷന്റെ പിറന്നാൾ പ്രമാണിച്ച് സ്കൂളിൽ എത്തിയവർക്കും ,മുഴുവൻ വിദ്യാർത്തികൾക്കും പായസം നൽകി .പായസം ചേരുവകളും,ഉണ്ടാക്കുന്ന രീതിയും പഠിപ്പിച്ചു കൊണ്ടായിരുന്നു പായസം ഉണ്ടാക്കിയത്.സ്കൂൾ പാചകക്കാരി ശാന്ത നേതൃത്വം നൽകി .

Friday, 22 August 2014

സാക്ഷരം ഒന്നാം ഘട്ടം പരീശീലനം സമാപിച്ചു.


 ചന്തേര:എല്ലാ കുട്ടികളെയും പഠന പ്രവർത്തനങ്ങളിൽ മുന്നോക്കക്കാരക്കുക എന്ന ലക്ഷ്യത്തോടെ ചന്തേര ഇസ്സത്തുൽ ഇസ്ലാം എ .എൽ .പി'സ്കൂളിൽ ആരംഭിച്ച സാക്ഷരം പരിശീലന പരിപാടിയുടെ ഒന്നാം ഘട്ടം സമാപിച്ചു.മൂല്യ നിരന്ന പ്രവർത്തങ്ങളിൽ എല്ലാ കുട്ടികളും മികച്ചു നിന്നു .ഡയറ്റ് നേതൃത്വത്തിൽ സംഘടിപ്പിച്ച മികച്ച പ്രവർത്തനങ്ങളിൽ ഒന്നായി സാക്ഷരത്തെ രക്ഷിതാക്കൾ സ്വീകരിച്ചു.രണ്ടാം ഘട്ട പരിശീലനം ഓണാവധിക്ക് ശേഷം വിദ്യാലയത്തിൽ തുടങ്ങും.പരിപാടിക്ക് പ്രധാനാധ്യാപിക സി.എം.മീനാകുമാരി ,വിനയൻ പിലിക്കോട് ,കെ.ആർ .ഹേമലത,ടി.രജിന ,എം.ടി.പി.ശ്യാമില,സിഞ്ചു എന്നിവർ നേതൃത്വം നൽകി .

അക്ഷരമുറ്റം ക്വിസ്


ചന്തേര ഇസ്സതുൽ ഇസ്ലാം എ.എൽ .പി.സ്കൂളിൽ അക്ഷര മുറ്റം ക്വിസ് മൽത്സരം നടത്തി.ഋഷികേശ് മുരളി ഒന്നാം സ്ഥാനവും ആദിൽഷാജി,വിസ്മയ എന്നിവര് രണ്ടാം സ്ഥാനവും നേടി.വിജയികളെ പ്രധാനാധ്യാപിക സി.എം.മീനാകുമാരി,അധ്യാപകരായ വിനയൻ പിലിക്കോട്,ടി.രജിന,എം.ടി.പി.ശാമില,കെ.ആർ .ഹേമലത,സിഞ്ചു ,എന്നിവര് അഭിനന്ദിച്ചു 

Saturday, 16 August 2014

പിറന്നാളിന് സമ്മാനം പഠനോപകരണങ്ങളും, ഭക്ഷണത്തിനുള്ള വിഭവങ്ങളും 
ചന്തേര: രണ്ടാം തരത്തിലെ അഖിലും, അശ്മിറയും പിറന്നാള്‍ ദിനത്തില്‍ സന്തോഷം പങ്കിടാന്‍ കൂട്ടുകാര്‍ക്ക് നല്‍കിയത് കടലാസ് പെന്‍സിലുകളും, റബ്ബറും. ഗുണനിലവാരമില്ലാത്ത മിഠായികളുടെ വില്പന വ്യാപകമാണെന്നും, ഇത് കഴിക്കുന്നത് കുട്ടികളില്‍ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്നുമുള്ള തിരിച്ചറിവില്‍ നിന്നാണ് രക്ഷിതാക്കള്‍ തന്നെ പിറന്നാള്‍ സമ്മാനം വേറിട്ടതാക്കി മാറ്റുന്നത്. പഠനോപകരണങ്ങള്‍ക്ക് പുറമേ ഉച്ചഭക്ഷണം വിഭവ സമൃദ്ധമാക്കുന്നതിനുള്ള ഉത്പ്പന്നങ്ങളും കുട്ടികള്‍ വിദ്യാലയത്തില്‍  എത്തിക്കുന്നുണ്ട്..     
പിന്നിട്ട ദിനങ്ങളിലൂടെ ............



സമാധാന സന്ദേശമുയര്‍ത്തി ഹിരോഷിമാ ദിനാചരണം 
കാലിക്കടവ്: യുദ്ധമല്ല നമുക്ക് വേണ്ടത് സമാധാനമെന്ന സന്ദേശവുമായി വിദ്യാലയങ്ങളിലെല്ലാം ഹിരോഷിമ ദിനാചരണം നടന്നു. ചന്തേര ഇസ്സത്തുല്‍ ഇസ്ലാം എ എല്‍ പി സ്കൂളില്‍ കുട്ടികള്‍ യുദ്ധ വിരുദ്ധ പ്രതിജ്ഞയെടുത്തു. യുദ്ധവിരുദ്ധ സന്ദേശങ്ങള്‍ എഴുതിയ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയായിരുന്നു പ്രതിജ്ഞ. സ്കൂള്‍ പ്രധാനാധ്യാപിക സി എം മീനാകുമാരി സന്ദേശം നല്‍കി. ബാലചന്ദ്രന്‍ എരവില്‍ യുദ്ധ വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. 

പിന്നിട്ട ദിനങ്ങളിലൂടെ .................


ഇസ്സത്തുലില്‍ സാഹോദര്യത്തിന്റെ നോമ്പുതുറ 
കാലിക്കടവ്  :റമദാന്‍  വ്രതാനുഷ്ടാനത്തിന്റെ പുണ്യദിനത്തില്‍ ചന്തേര ഇസ്സത്തുല്‍ ‍ ഇസ്ലാം എ. എല്‍.പി സ്കൂളില്‍ ഒരുക്കിയ നോമ്പുതുറ മതസാഹോദര്യത്തിന്റെ സ്നേഹവേദിയായി. വിശ്വാസികള്‍ക്കൊപ്പം വിദ്യാലയത്തിലെ മുഴുവന്‍ അധ്യാപകരും നോമ്പുനോറ്റു. ഇത് തുടര്‍ച്ചയായ നാലാം  വര്‍ഷമാണ്‌ വിദ്യാലയത്തില്‍ നോമ്പ് തുറ ഒരുക്കിയത്. നോമ്പുതുറയോട് അനുബന്ധിച്ച് സംഘടിപ്പിച്ച സ്നേഹ സംഗമം ചന്തേര മുസ്ലീം ജമാഅത്ത് കമ്മറ്റി പ്രസിഡന്റ് ടി. കെ പൂക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ചന്തേര എസ് ഐ പി ആര്‍ മനോജ്‌ മുഖ്യാതിഥിയായിരുന്നു. സ്കൂള്‍ പി ടി എ പ്രസിഡന്‍റ് സി എ കരീം അധ്യക്ഷത വഹിച്ചു.സ്കൂള്‍ പ്രധാനാധ്യാപിക സി. എം മീനാകുമാരി,  ഒ. ടി സുബൈര്‍, ശരീഫ് കാരയില്‍, ബാലചന്ദ്രന്‍  എരവില്‍ , വിനയന്‍ പിലിക്കോട് തുടങ്ങിയവര്‍  സംസാരിച്ചു. 

Friday, 15 August 2014

 സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു 
കാലിക്കടവ് : വിദേശ അടിമത്തത്തിന് കീഴില്‍ നരകതുല്യം ജീവിച്ച ജനത ഉജ്വലമായി ഉണര്‍ന്നെണിറ്റതിന്റെ ആഹ്ലാദവുമായി  രാഷ്ടം  ഇന്ന്സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു. ചന്തേര ഇസ്സത്തുല്‍ ഇസ്ലാം എ എല്‍ പി സ്കൂളില്‍ സ്വാതന്ത്ര്യ ദിനാഘോഷഭാഗമായി വൈവിധ്യമാര്‍ന്ന പരിപാടികള്‍ നടന്നു. പ്രധാനാധ്യാപിക സി എം മീനാകുമാരി പതാകയുയര്‍ത്തി. പ്രസംഗം, ക്വിസ്, പതാക നിര്‍മ്മാണം എന്നീ മത്സരങ്ങള്‍ നടന്നു.സ്കൂള്‍ മുന്‍ പ്രധാനാധ്യാപകന്‍ പി രാഘവന്‍ മാസ്റ്ററുടെ സ്മരണയ്ക്കായി മക്കള്‍ ഏര്‍പ്പെടുത്തിയ ക്യാഷ് അവാര്‍ഡുകളും വിതരണം ചെയ്തു. രചന ബാബു അധ്യക്ഷത വഹിച്ചു. സ്കൂള്‍ മാനേജര്‍ അബ്ദുള്‍ ഖാദര്‍ മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. സ്കൂള്‍ പി ടി എ പ്രസിഡന്റ് സി എ കരീം സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. ദേശഭക്തി ഗാനാലാപനവും, പായസവിതരണവും ഉണ്ടായി  



Thursday, 14 August 2014

സാക്ഷരം പരിപാടിക്ക് ഉജ്ജ്വല തുടക്കം


ചന്തേര ഇസ്സതുൽ ഇസ്ലാം എ .എൽ .പി.സ്കൂളിൽ സാക്ഷരം പരിപാടിക്ക് ഉജ്ജ്വല തുടക്കം .1 മുതൽ 4 വരെ ക്ലാസ്സുകളിലെ വിദ്യാർഥികൾക്ക് അക്ഷരജ്ഞാനം ഉറപ്പിക്കു ന്നതിനായി 52 ദിവസത്തെ തീവ്ര പരിശീലനമാണ് വിദ്യാർഥികൾക്ക് നല്കുന്നത് .പരിപാടിയുടെ ഉത്ഘാടനം പ്രധാനാധ്യാപിക സി.എം.മീനാകുമാരി നിർവഹിച്ചു .ദിവസവും രാവിലെ 9 മുതൽ 10 വരെ യാണ് പരിശീലനം.

ക്വിസ്സ് മത്സരം നടത്തി

ചന്തേര ഇസ്സതുൽ ഇസ്ലാം എ .എൽ .പി.സ്കൂളിൽ രാജ്യത്തിന്റെ 68 സ്വാതന്ത്ര ആഘോഷങ്ങളുടെ ഭാഗമായി ക്വിസ്സ് മത്സരം നടത്തി.കുട്ടികളേയും കുടുംബഗംങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ പരിപാടി ഏവർക്കും നവ്യാനുഭവമായി.പ്രധാനാധ്യാപിക സി.എം. മീനാകുമാരി,വിനയാൻ പിലിക്കോട്,കെ.ആർ .ഹേമലത ,ടി.രജിന ,എം.ടി.പി.ശ്യാമില ,സിഞ്ചു എന്നിവർ നേതൃത്വം നൽകി .
സ്വാതന്ത്രദിനാശംസകൾ

independence day



പൊതുവിദ്യാഭ്യാസ ശാക്തീകരണത്തിന് കര്‍മപദ്ധതി


പൊതുവിദ്യാഭ്യാസ മേഖലയുടെ സമഗ്രപുരോഗതി ലക്ഷ്യം വെച്ച് ജില്ലാ വിദ്യാഭ്യാസസമിതി രൂപം കൊടുത്ത സമഗ്രപദ്ധതിക്ക് ജില്ലയിലെങ്ങും തുടക്കം കുറിച്ചതായി സമിതി ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി പി ശ്യാമളാദേവി അറിയിച്ചു, കാസര്‍ഗോഡ് പ്രസ്‌ക്ലബ്ബില്‍ നടന്ന പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. 'സാക്ഷരം 2014', 'ബ്ലെന്റ്', 'സ്റ്റെപ്സ്' എന്നീ പദ്ധതികളാണ് ഒന്നാം ഘട്ടത്തില്‍ നടപ്പിലാക്കുന്നതെന്ന് അവര്‍ അറിയിച്ചു. സാക്ഷരം പദ്ധതിയുടെ ഭാഗമായി പിറകില്‍ നില്‍ക്കുന്ന 14496 കുട്ടികള്‍ക്കുള്ള പ്രത്യേകക്ലാസുകള്‍ ആഗസ്റ്റ് 6 ന് തുടങ്ങുമെന്ന് ഡി ഡി ഇ രാഘവന്‍ അറിയിച്ചു.
ജില്ലയില്‍ 96% സ്കൂളുകള്‍ക്കും ബ്ലോഗുകള്‍ നിലവില്‍ വന്നെന്ന് ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. പി വി കൃഷ്ണകുമാര്‍ അറിയിച്ചു. പത്താം ക്ലാസുകാരെ സംബന്ധിച്ച ഗൃഹസര്‍വെയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ സ്കൂള്‍തല കര്‍മപരിപായി ആഗസ്റ്റ് 13 നു നടക്കുന്ന പ്രത്യേക പി ടി എ യോഗത്തില്‍ സ്കൂളുകളില്‍ അവതരിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഐ ടി അറ്റ് സ്കൂള്‍ വിദ്യാഭ്യാസജില്ലാ കോര്‍ഡിനേറ്റര്‍ കെ ശങ്കരന്‍, ഡയറ്റ് ഫാക്കല്‍ട്ടി അംഗങ്ങളായ ഡോ. പി വി പുരുഷോത്തമന്‍, പി ഭാസ്കരന്‍, എം വി ഗംഗാധരന്‍ എന്നിവരും പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.

BLEND TRAINING

BLEND training started at DRC kasaragod
DIET faculty Sri.vinod visited the training centre

Thursday, 24 July 2014

ഒന്നാംത്രക്കാര്ക്ക് ഒന്നാന്തരം വരവേല്പ്പ്   ചന്തേര ഇസ്സത്തുല്‍ ഇസ്ലാം എ എല്‍ പി സ്കൂളില്‍ പിലിക്കോട് ഗ്രാമപഞ്ചായത്തംഗം എം എം ലക്ഷ്മി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. സി എ കരീം .  അധ്യക്ഷത വഹിച്ചു. നവാഗതര്‍ക്ക് കുടയും, പഠനക്കിറ്റും, മധുരവും വിതരണം ചെയ്തു. ടി കെ പൂക്കോയ തങ്ങള്‍, എം ടി പി സുലൈമാന്‍, സി എം മീനാകുമാരി, പി ബാലചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Wednesday, 23 July 2014

  അറിവിന്റെ വഴിവിളക്ക്... തലമുറകളെ അറിവിന്റെ തീരങ്ങളിലേക്ക് കൈപിടിച്ച് - നടത്താനുതകുന്ന നിലയില്‍ ചന്തേര ഇസ്സത്തുല്‍ ഇസ്ലാം - എ എല്‍ പി സ്കൂള്‍ എന്നാ വിദ്യാകേന്ദ്രം സ്ഥാപിതമായത് - ചന്തേരയുടെ സാംസ്കാരിക ചരിത്രത്തിലെ നിര്‍ണ്ണായകമായ - ഒരേടാണ് .1947 ല്‍ സ്ഥാപിതമായ ഈ വിദ്യാലയം ഇന്ന് വളര്‍ച്ചയുടെ പടവുകള്‍ ചവിട്ടിക്കയറുകയാണ്....ഒരു കാലത്ത് 60 കുട്ടികള്‍ മാത്രമുണ്ടായിരുന്ന ഞങ്ങളുടെ വിദ്യാലയത്തില്‍ ഇപ്പോള്‍  229 കുട്ടികള്‍ പഠനമധുരം നുകരാനെത്തുന്നു ..... ഗ്രാമ സൌന്ദര്യത്തിന്റെ നൈര്‍മല്യങ്ങളായ സ്നേഹത്തെയും - സഹകരണ മനോഭാവത്തെയും ഒന്നുപോലെ കണ്ണി ചേര്‍ത്തു കുടുംമ്പ വീടായ സ്കൂളിന്റെ പ്രവര്‍ത്തനങ്ങളില്‍ തങ്ങള്‍ക്കാവും വിധം സഹകരിക്കുകയാണ് ചന്തേരയിലെ ജനങ്ങളെല്ലാം ......