Monday, 27 June 2016

.വിദ്യാലയത്തിലേക്ക് കുട്ടികള്‍ പിറന്നാള്‍ സമ്മാനമായി നല്‍കുന്നത് പൂച്ചെടികള്‍ 


ചെറുവത്തൂര്‍: ഒന്നാം തരത്തിലെ ദേവനന്ദയും, രണ്ടാം തരത്തിലെ ആദിദേവും, ഷാഹിദും, അമല്‍ശ്യാമുമെല്ലാം പിറന്നാള്‍ ദിനത്തില്‍ വിദ്യാലയത്തിലെത്തിയത് കയ്യിലൊരു പൂച്ചെടിയുമായാണ്. ഇനി ചന്തേര ഇസ്സത്തുല്‍ ഇസ് ലാം എ എല്‍ പി സ്കൂള്‍ മുറ്റത്ത് കുരുന്നുകളുടെ പിറന്നാള്‍ പൂക്കള്‍ പുഞ്ചിരിക്കും. പരിസ്ഥിതി സൌഹൃദ ക്യാംപസ്  എന്ന ആശയം മുന്‍ നിര്‍ത്തിയാണ് വിദ്യാലയത്തില്‍ 'പിറന്നാളിനൊരു പൂച്ചെടി സമ്മാനം' പരിപാടിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ചുരുങ്ങിയ ദിവസങ്ങള്‍ക്കിടയില്‍ തന്നെ പത്തോളം ചെടികള്‍ വിദ്യാലയത്തില്‍ എത്തിക്കഴിഞ്ഞു. കുട്ടികള്‍ എത്തിക്കുന്ന ചെടികള്‍ മണ്‍ചട്ടിയില്‍ അവരുടെ പേര് രേഖപ്പെടുത്തി നട്ടുവളര്‍ത്താനാണ് തീരുമാനം. അധ്യയന വര്‍ഷം ആരംഭത്തില്‍ ചേര്‍ന്ന ക്ലാസ് പി.ടി.എ യോഗങ്ങളില്‍ ഇത്തരത്തിലൊരു ആശയം അവതരിപ്പിച്ചപ്പോള്‍ രക്ഷിതാക്കള്‍ നിറഞ്ഞ സന്തോഷത്തോടെ അത് സ്വീകരിച്ചു. സ്കൂളില്‍ അസംബ്ലി ചേര്‍ന്ന് കുട്ടികള്‍ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നാണ് ചെടികള്‍ വിദ്യാലയത്തിലേക്ക് സ്വീകരിക്കുന്നത്. കുട്ടികളുടെ പിറന്നാള്‍ ദിനം രേഖപ്പെടുത്തുന്നതിനായി സ്കൂള്‍ ചുമരില്‍ പിറന്നാള്‍ മരവും ഒരുങ്ങിക്കഴിഞ്ഞു. ഓരോ മാസവും പിറന്നാള്‍ ആഘോഷിക്കുന്ന കുട്ടികളുടെ പേര് മരത്തിന്റെ ഇലകളില്‍ രേഖപ്പെടുത്തും. സ്കൂള്‍ പ്രധാനാധ്യാപിക സി.എം മീനാകുമാരി പിറന്നാള്‍ ആഘോഷിക്കുന്ന കുട്ടികളില്‍ നിന്നുംപൂച്ചെടികള്‍ ഏറ്റുവാങ്ങി

Monday, 20 June 2016

ആഴ്ച നക്ഷത്രം ക്വിസ് രണ്ടാം ഘട്ടം ആദ്യ മത്സരം ..ചോദ്യം കുട്ടികളുടെ കൈകളില്‍ 



ഒന്നാം തരക്കാര്‍ക്ക് ഓര്‍മ്മമരം ....
വഴിയോരങ്ങളില്‍ തണല്‍ മരങ്ങള്‍ 


ചെറുവത്തൂര്‍ : കാല്‍നട യാത്രക്കാര്‍ക്ക് തണലേകാന്‍  കാലിക്കടവ്_ തൃക്കരിപ്പൂര്‍ റോഡരികില്‍ വൃക്ഷത്തൈകള്‍ നട്ടു പിടിപ്പിച്ച് ചന്തേരയിലെ കുട്ടികള്‍. പരിസ്ഥിതി ദിനാചരണ ഭാഗമായി ചന്തേര ഇസ്സത്തുല്‍ ഇസ്ലാം എ എല്‍ പി സ്കൂളിലെ കുട്ടികളാണ് വഴിയോരത്ത് 'കുമ്പിള്‍' മരങ്ങള്‍ നട്ടത്. നട്ടുപിടിപ്പിച്ച തൈകള്‍ക്ക് ക്ലാസ് അടിസ്ഥാനത്തില്‍ സംരക്ഷണവും നല്‍കും. വിദ്യാലയത്തിലെ ഒന്നാംതരത്തിലെ കുട്ടികള്‍ പരിസ്ഥിതി ദിനത്തില്‍ വീട്ടുമുറ്റത്ത് ഓര്‍മ്മമരങ്ങളും നട്ടു.  നെല്ലി മരങ്ങളാണ് നട്ടത്.  പരിസ്ഥിതി ദിനാചരണത്തില്‍ പ്രധാനാധ്യാപിക സി.എം മീനാകുമാരി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. 



Thursday, 2 June 2016

ആഹ്ലാദം അലതല്ലിയ പ്രവേശനോത്സവ ദിനം


ചെറുവത്തൂര്‍: തൊപ്പിക്കുള്ളില്‍ നിന്നും വെള്ളരി പ്രാവുകള്‍ പറന്നുയര്‍ന്നു...ഒന്നുമില്ലാത്ത പെട്ടിക്കുള്ളില്‍ നിന്നും പൂക്കളും വര്‍ണ്ണബലൂണുകളും പ്രത്യക്ഷമായി.  വിദ്യാലയത്തിലെത്തിയ നവാഗതര്‍  വിസ്മയത്തുമ്പിലേറി. ചന്തേര ഇസ്സത്തുല്‍ ഇസ്ലാം എ എല്‍ പി സ്കൂളിലാണ് വൈകല്യം മറന്ന മനസുമായി എത്തിയ ഉമേഷ്‌ ചെറുവത്തൂര്‍ എല്ലാവരെയും വിസ്മയിപ്പിച്ചത്.  ഇരു കാലുകള്‍ക്കും  ചലനശേഷി ഇല്ലെങ്കിലും മനക്കരുത്തിന്റെ പിന്‍ബലത്തിലാണ് ഉമേഷ് മാജിക്ക് തെരഞ്ഞെടുത്ത്. കഴിഞ്ഞ 18 വര്‍ഷമായി മാജിക് അവതരിപ്പിക്കുന്നുണ്ട്. ഫയര്‍ എസ്‌കേപ്പ് ഉള്‍പ്പെടെയുള്ള അതിസാഹസിക ഇനങ്ങളെല്ലാം ഉമേഷ് സ്വന്തമായാണ് പഠിച്ചെടുത്തത്.  പ്രവേശനോത്സവത്തിനെത്തിയ കുട്ടികളെയും പങ്കെടുപ്പിച്ചു കൊണ്ടാണ് ഉമേഷ്‌ മാജിക്കുകളെല്ലാം  അവതരിപ്പിച്ചത്. കഴിഞ്ഞ തവണ സംസ്ഥാന മികവുത്സവത്തില്‍ കാസര്‍കോട് ജില്ലയെ പ്രതിനിധീകരിച്ച വിദ്യാലയമാണ് ചന്തേര.
ഇക്കുറി  55 കുട്ടികളാണ് ഇവിടെ ഒന്നാംതരത്തിലേക്ക് പ്രവേശനം നേടിയത്. പ്രീ പ്രൈമറിയിലേക്ക് 110 കുട്ടികളും എത്തി.പ്രവേശനോത്സവം പഞ്ചായത്തംഗം വി.പി രാജീവന്‍ ഉദ്ഘാടനം ചെയ്തു. സി.എം മീനാകുമാരി അധ്യക്ഷത വഹിച്ചു. എ.പി.കെ കാസിം കുട്ടികള്‍ക്കുള്ള കുട വിതരണം ചെയ്തു. ടി.വി.പി അബ്ദുല്‍ ഖാദര്‍, സി.എം റഹ്മത്ത്, പി.ബാലചന്ദ്രന്‍ സംസാരിച്ചു